ഞാറ്റുവേല ഫെസ്റ്റ് സംഘടിപ്പിച്ചു.
കാർഷിക മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഞാറ്റുവേല ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൃഷിത്തോട്ടം നേര്യമംഗലം, ആലുവ സ്റ്റേറ്റ് സീഡ് ഫാം, ഒക്കൽ സ്റ്റേറ്റ് സീഡ് ഫാം, വൈറ്റില കോക്കനട്ട് നേഴ്സറി എന്നിവിടങ്ങളിലെയും വിവിധ കർഷക എഫ് പി ഓ കളുടെയും നേതൃത്വത്തിൽ ഒരുക്കിയ വിവിധതരം വിത്തുകൾ, തൈകൾ, വളം, മറ്റു കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് ഞാറ്റുവേല ഫെസ്റ്റിവൽ വിൽപ്പനയ്ക്കായി ഒരുക്കിയത്.
ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ , ജില്ലാ കൃഷി ഓഫീസർ ഇന്ദു നായർ , ഡെപ്യൂട്ടി ഡയറക്ടർമാരായ ടി ഒ ദീപ, വി പി സിന്ധു, ഗീത ചന്ദ്രൻ, വി പി സുധീശൻ, ജില്ലയിലെ ഫാം സൂപ്രണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.
*നവീകരിച്ച നേര്യമംഗലം തേൻ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ഇന്ന് (ജൂലൈ 3)*
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഇടുക്കി ജില്ലാ ഖാദി വ്യവസായ ഓഫീസിന് കീഴിലുള്ള നവീകരിച്ച നേര്യമംഗലം തേൻ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് ( ജൂലൈ 3 ന്) ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിക്കും.ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിക്കും.ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ഖാദി ബോർഡ് മെമ്പർമാരായ കെ എസ് രമേശ് ബാബു ,കെ ചന്ദ്രശേഖരൻ,സാജൻ തൊടുകയിൽ,പ്രോജക്റ്റ് ഓഫീസർ ഷീനമോൾ ജേക്കബ് എന്നിവർ ചടങ്ങിന്റെ ഭാഗമാകും ..
*ജനഹിതമാരാഞ്ഞ് എംഎൽഎയുടെ മുഖാമുഖം ജൂലൈ ആറിന്*
'ജനഹിതമാരാഞ്ഞ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നാട്ടിലേക്ക്. കടമക്കുടിയിലെ എല്ലാ വാർഡുകളിലും മണ്ഡലത്തിൽ പൊതുവെയും സ്വീകരിക്കേണ്ട വികസന നിലപാടുകളും പരിഹരിക്കേണ്ട പ്രശ്നങ്ങളും ചർച്ച ചെയ്യാനും മാർഗ നിർദ്ധാരണം നടത്താനും എംഎൽഎയുടെ ജനകീയം 2025" മുഖാമുഖം പരിപാടി ഈ മാസം ആറിനു നടക്കും. രാവിലെ 10ന് കടമക്കുടി സ്കൂളിൽ പരിപാടിക്ക് തുടക്കമാകും.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ചരിയംതുരുത്ത് വായനശാല, ഉച്ചകഴിഞ്ഞ് രണ്ടിന് കാരിക്കാട്ട് തുരുത്ത് ഐലൻഡ് ആർട്സ് ക്ലബ്, മൂന്നു മുതൽ നാലു വരെ കോരമ്പാടം ബാങ്ക്, 5ന് മൂലമ്പിള്ളി വായനശാല, വൈകീട്ട് 6ന് പിഴല ബാങ്ക് എന്നിവിടങ്ങളിൽ പരിപാടി നടക്കും. മുഖാമുഖം നടക്കുന്ന സ്ഥലങ്ങളുടെ പരിധിയിൽ വരുന്ന വാർഡുകളിലുള്ളവർക്ക് പങ്കെടുക്കാം.