ചെല്ലാനം ടെട്രാപോഡ് കടൽ ഭിത്തി 306 കോടിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അംഗീകാരം 3.6 കി.മീറ്റർ കടൽ ഭിത്തി കൂടി നിർമ്മിക്കും

 

*ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി: 306 കോടിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അംഗീകാരം: 3.6 കി.മീറ്റർ കടൽഭിത്തി കൂടി നിർമ്മിക്കും*

*പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെയെന്ന് മന്ത്രി പി.രാജീവ്*

ചെല്ലാനം തീരത്ത് 306 കോടി രൂപയുടെ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി. നേരത്തെ വിഭാവനം ചെയ്തതു പോലെ കടൽഭിത്തി പൂർത്തിയാക്കുന്നതിന് ഇനി അവശേഷിക്കുന്ന 3.6 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കും. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കിഫ്ബിയുടെ പദ്ധതിയായി തന്നെ കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കും. ഇതിനുള്ള പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
  
ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം കൂടി ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകുന്നത്. 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കിയിരുന്നു. 347 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയത്. ഈ സർക്കാർ ചുമതലയേറ്റ ശേഷം ആദ്യമായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചത്. 10 കി.മീറ്റർ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളിൽ പുലിമുട്ടും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവേ നിർമ്മാണച്ചെലവിൽ വന്ന വ്യത്യാസവും ഐ.ഐ.ടി റിപ്പോർട്ടും അടിസ്ഥാനമാക്കി 7.3 കി.മീറ്റർ ദൂരം കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുകയാണ് ചെയ്തത്. ആദ്യ പദ്ധതി പ്രകാരം ഇനി കടൽഭിത്തി നിർമ്മിക്കാൻ അവശേഷിക്കുന്ന ദൂരം കൂടി ടെട്രാപോഡ് പൂർത്തിയാക്കുന്നതിന് അതിവേഗം തുടർ നടപടികൾ സ്വീകരിക്കും. ഇതിനായി 306 കോടി രൂപയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. ഈ വിശദ പദ്ധതി റിപ്പോർട്ട് ഉള്ളതിനാൽ ഭരണാനുമതി പുതുക്കി നൽകിയാൽ മതിയാകും. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയും ഉടൻ ലഭ്യമാക്കും. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം. 

ഇപ്പോഴത്തെ നിർമ്മാണച്ചെലവ് കണക്കാക്കുമ്പോൾ ശരാശരി നൂറ് കോടി രൂപയാണ് ഒരു കി.മീറ്റർ ദൂരം തീര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. തീര സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നയാ പൈസ ചെലവഴിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധത ബോധ്യപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു. ദീർഘകാലമായി കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്തിൻ്റെ ദുരിതത്തിന് പരിഹാരം കണ്ടത് എൽ.ഡി.എഫ് സർക്കാരാണ്. രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി നൽകാൻ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നന്ദി രേഖപ്പെടുത്തുന്നതായും പി.രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വ്യവസായ മന്ത്രി പി.രാജീവ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, കെ.ജെ. മാക്സി എം.എൽ.എ, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി അഡീഷണൽ സി.ഇ. ഒ മിനി ആൻ്റണി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.


Comment As:

Comment (0)