കുളവാഴകൾക്കിടയിലെ കാട്ടു ചേമ്പിൻ പഴങ്ങൾ : അവലോകനം : എ. സെബാസ്റ്റ്യൻ
"നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ."
. " കുളവാഴകൾക്കിടയിലെ കാട്ടുചേമ്പിൻ പഴങ്ങൾ...."..
അവലോകനം :(എ. സെബാസ്റ്റ്യൻ)
..........................................................
ഒതുക്കി പറയുക, ഒരുങ്ങി പറയുക പ്രസാദ് സോമൻ്റെ "കുളവാഴകൾ ക്കിടയിലെ കാട്ടുചേമ്പിൻ പഴങ്ങൾ" രുചിയോടെ ആസ്വദിച്ച് കഴിച്ച് ഈ പുസ്തകം വായിക്കാത്ത വായനക്കാർക്ക് എറിഞ്ഞു കൊടുക്കുമ്പോൾ അത് പങ്കുവെയ്ക്കലിൻ്റെ നല്ലൊരു മാതൃക പിൻതുടരലാണ്.
പ്ലാൻ്റേഷൻ ഭൂമിക ഒറ്റമരത്താൽ ചുറ്റപ്പെട്ടപ്പോൾ ഞാൻ വളർന്ന ഭൂമികയുടെ ഒരതിരിൽ പുന്നൻ്റെ റബ്ബർ മരക്കാടുകളായിരുന്നു. ആ സാമ്യം അവിടം കൊണ്ടും തീരുന്നില്ല. കഷ്ടപ്പാടിൻ്റെ, വറുതിയുടെ ജീവിതത്തോട് ഒട്ടി നിന്ന കാലം. അതിരുകളില്ലാത്ത വിശാലമായ പ്ലാൻ്റേഷനിൽ നിന്നും ഞങ്ങളുടെ ഭൂമിക പട്ടണത്തിൻ്റെ നടുവിൽ അതിർത്തി തീർത്ത ഗ്രാമത്തിലായിരുന്നു. പല ദിക്കിൽ നിന്നും വിഭിന്ന സംസ്കാരവുമായി കുടിയേറിയ ലക്ഷം വീടുകളിലാണ് ചേക്കേറിയത്. അതിനാൽ പ്രസാദ് കണ്ടതും അറിഞ്ഞതും ജീവിച്ചതും പെട്ടന്ന് അലിഞ്ഞ് ചേർന്നു. ഒരുമയുടെ പങ്കു വെയ്ക്കലിൻ്റെ മധുരം അവർ നുകർന്ന പോലെ തന്നെ ഞങ്ങൾക്കും ലഭിച്ചത് സുഖത്തിലും ദുഃഖത്തിലും പങ്ക് കൊള്ളുവാനുള്ള മനസ്സായിരുന്നു. പ്രസാദിനെ വായിക്കുമ്പോൾ ഇത് തന്നെയല്ലേ ഞങ്ങളുടെയും ജീവിതമെന്ന് ബോധ്യപ്പെടുന്നു. അവർക്ക് പണം കൊടുത്ത് അദ്ധ്യാപകനാവാത്തവരുടെ കരുതലും സ്നേഹവും നിറച്ച് നൽകിയപ്പോൾ ഞങ്ങൾക്ക് കിട്ടിയത് സൈഡ് കച്ചവടമുള്ള ഗുരുക്കളുടെ ശിക്ഷണമായിരുന്നു.
എല്ലാം വാരിവലിച്ചെഴുതി വായനക്കാരനെ തടവിലാക്കി രമിക്കുന്ന സമ്പ്രദായിക എഴുത്ത് രീതി ശാസ്ത്രത്തിൽ നിന്നും മാറി കുറച്ച് പറഞ്ഞ് വലിയ ഭൂമിക തീർക്കുന്ന മാജിക്കാണ് പ്രസാദിൻ്റെ വേറിട്ട വഴി. ഉപ്പുമാവിനെ കുറിച്ച് പറയുമ്പോൾ ചൂടോടെ വാരി തിന്ന സ്കൂൾ കാലത്തേക്ക് പോയി വരുവാനാകുന്നുണ്ട്. അവിടെ നിന്നും അധികമായി പ്രസാദ് നൽകുന്നത് ഉപ്പുമാവ് ഉണ്ടാകുന്ന വിശപ്പകറ്റുന്ന അമ്മയുടെ സ്നേഹമാണ്. കളവു നടത്തിയിട്ടും കുറ്റപ്പെടുത്താതെ കളവ് മുതൽ തിരിച്ച് നൽകുന്ന കൃഷ്ണൻ മാഷിൻ്റെ കരുതലാണ് നിറയുന്നത്. കിണറ്റിലെ കുളി, സാഹൃദ സംസാരം പൊതുയിടങ്ങളിലെ ഒന്നായിച്ചേരൽ ഞങ്ങൾ ആസ്വദിച്ചത് മുല്ലശ്ശേരി തോടിൻ്റെ കരയിലും വേനലിൽ വെള്ളം വറ്റുമ്പോൾ പുന്നൻ്റെ റബ്ബർ തോട്ടത്തിലെ കിണറ്റിൻ കരയിലുമാണ്. പ്രസാദ് കിണറ്റിലെ കുളി പറയുമ്പോൾ ആ കുളിര് അനുഭവിക്കാൻ എനിക്കാവുന്നുണ്ട്. നാട്ടിൻ പുറത്തിൻ്റെ നന്മകൾ വാരി വിതറുമ്പോഴും മതമായി തീരുന്ന രാഷട്രീയ പ്രസ്ഥാനങ്ങളെ തിരിച്ചറിയുവാൻ കഴിഞ്ഞിടത്ത് നിന്നുമാണ് ബദലിനെ കുറിച്ചുള്ള ആലോചന ഉയരുന്നതും അത് പ്രവൃത്തി പഥത്തിലെത്തിക്കുവാൻ ആത്മാർത്ഥ പരിശ്രമിക്കുമ്പോൾ അവരുടെ ഇടയിൽ നിന്നും ഉയരുന്നത് എന്നാലും പാർട്ടിയെ തള്ളുവാൻ പറ്റോ?
മാറ്റത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരെ പിന്നോട്ടടിക്കുവാൻ വേറെ എന്ത് വേണം. അവിടെയാണ് ബംഗ്ലാളിക്ക് 1200 ലഭിക്കുമ്പോൾ ഞങ്ങൾക്കോ ? എന്ന വലിയ ചോദ്യത്തിൻ്റെ പൂർത്തീകരണം സംഭവിക്കാത്തത്. പ്രസ്ഥാനത്തെ തൊട്ടൊരു കളിയില്ല, ഗുണമായാലും ദോഷമായാലും എന്ന ദൃഢ നിശ്ചയം തന്നെയാണ് അവരുടെ ശത്രുവെന്ന് തിരിച്ചറിവാണ് ഈ എഴുത്തിൻ്റെ കാതൽ.
വായനയും ജീവിതവും അനുഭവവും രാക്കി മിനുക്കി മിഠായി രൂപത്തിൽ നൽകുമ്പോഴും കഴിച്ച് കഴിയുമ്പോൾ നെല്ലിക്കയുടെ ചവർപ്പ് നാവിൽ നിറയുന്നുണ്ടെങ്കിൽ അത് ബോധപൂർവ്വം സൃഷ്ടിച്ചതല്ല ഞങ്ങളുടെ ജീവിതം തന്നെയാണ് ഇത്. അതിൽ മധുരവും കയ്പും ചവർപ്പുമുള്ള പുതിയൊരു രസക്കൂട്ട് തന്നെയാണ്.
നിങ്ങൾ സമൂഹത്തിന് എന്ത് നൽകിയെന്ന് എഴുത്തുകാരോട് ജോൺസൺ മാർ ചോദിച്ച് ഗൺ പോയിൻ്റിൽ നിറുത്തുമ്പോൾ കൃത്യമായ ഉത്തരം പ്രസാദ് നൽകുന്നുണ്ട് അത് പറഞ്ഞതിന് ശേഷം ഈ കുറിപ്പ് അവസാനിപ്പിക്കാം: "ക്ലാസിക് കൃതികളടക്കമുള്ള കലകൾ ലോകത്തിതുവരെ ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ല. പക്ഷേ, പ്രശ്നങ്ങളെ മനുഷ്യോന്മുഖം നേരിടുന്നതിന്, പരിഹരിക്കുന്നതിന്, സംവേദനത്മകമായ മനസ്സുള്ള മനുഷ്യരെ സൃഷ്ടിക്കാൻ കലകൾക്കു മാത്രമേ കഴിയൂ."



