മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷ യാത്ര നാളെ (12ന്) പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്ന് ഒരു മണിക്ക് പുറപ്പെടും

മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷ യാത്ര നാളെ (12ന്) പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്ന് ഒരു മണിക്ക് പുറപ്പെടും

  • admin-editor@c-media news desk
  •  
  • Jan 11,2023 12:45:23 pm

ADVERTISEMENT

കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഇത്തവണ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെ 5നു വലിയ കോയിക്കൽ ഷേത്രനട തുറക്കും. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ നിന്നു തിരുവാഭരണങ്ങൾ അടങ്ങുന്ന പേടകം ക്ഷേത്ര ശ്രീകൊവിലിനു മുൻപിലേക്ക് എഴുന്നള്ളിക്കും. തുടർന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ തുടങ്ങുന്നത്.ശ്രീകൊവിലിനു മുൻപിൽ തിരുവാഭരണ പേടകം തുറന്ന് വയ്ക്കും. പിന്നീട് 11 വരെ ഭക്തർക്ക് ദർശനത്തിനുള്ള ഊഴമാണ്. പേടക വാഹകർക്ക് മേൽശാന്തി പൂജിച്ച പൂമാല നൽകും. 12ന് ഉച്ച പൂജയ്ക്കായി നട അടയ്ക്കും. തുടർന്നു തിരുവാഭരണ പേടകം അടച്ചു മേൽശാന്തി നീരാജ്ഞനമുഴിയും. പന്തളം വലിയ തമ്പുരാൻ മകയിരം നാൾ രാഘവ വർമരാജയുടെ നേതൃത്വത്തിൽ കൊട്ടാരം കുടുംബാംഗങ്ങൾ പേടകം പ്രദക്ഷിണമായി കിഴക്കേ നടയിലെത്തിക്കും. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള പേടകം ശിരസ്സിലേറ്റും. മരുതമന ശിവൻപിള്ള പൂജാ പാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻനായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റിയാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.രാജപ്രതിനിധി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ട നാൾ രാജരാജവർമ പല്ലക്കിൽ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണങ്ങളുമായി പോകുന്ന26 അംഗ പേടകവാഹകസംഘത്തെ പന്തളം കൊട്ടാരം നിശ്ചയിച്ചു.

പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ,ആറന്മുള വഴി ആദ്യ ദിനം രാത്രിയിൽ അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തി ഘോഷയാത്ര അവിടെ വിശ്രമിക്കും. 13ന് ഇടപ്പാവൂർ, വടശേരിക്കര, പെരുനാട് വഴി ളാഹ സത്രത്തിലെത്തും. മൂന്നാം ദിവസം 14 ന് കാനന പാതകളിലൂടെയാണ് യാത്ര. പുലർച്ചെ ഘോഷയാത്ര പ്ലാപ്പള്ളി, നിലയ്ക്കൽ ഗോപുരം, വലിയാനവട്ടം, ചെറിയാന വട്ടം,നീലിമല വഴി വൈകിട്ട് 5.30നു ശരംകുത്തിയിലെത്തും. തുടർന്നു സന്നിധാനത്തെ സ്വീകരണം. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധനയ്ക്കായി നട തുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. അസിസ്റ്റന്റ് കമൻഡാന്റിന്റെ നേതൃത്വത്തിലുള്ള സായുധസേന തിരുവാഭരണങ്ങൾക്ക് സുരക്ഷയൊരുക്കും. യാത്രയുടെ ഒന്നാമത്തെ ദിവസം ചെറുകോൽ സുബ്രമണ്യസ്വാമി ക്ഷേത്രം, കുരുടാമണ്ണിൽപടി, അയിരൂർ പുതിയകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രണ്ടാമത്തെ ദിവസത്തെ മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂച്ചാൽപ്പാലം വഴി കീക്കൊഴൂർ കരയിലെത്തും. തുടർന്ന് ആയിക്കൽ തിരുവാഭരണപ്പാറയിൽ എത്തിയ ശേഷം പിന്നീട് റാന്നി ബ്ലോക്ക് പടിയിലെത്തും. കുത്തുകല്ലുങ്കൽപടി, ഇടക്കുളം,പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്,വടശേരിക്കര ചന്തക്കടവ് റോഡ് തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു കഴിയുമ്പോൾ പ്രധാന പാതകൾ കഴിയും. ഇവിടുന്ന് കൂനംകര മുതൽ ളാഹ വനം സത്രം വഴി പോകും. രണ്ടാമത്തെ ദിവസത്തെ രാത്രി വിശ്രമം ളാഹയിലാണ്. മൂന്നാം ദിവസം ളാഹയിൽ നിന്ന് തുടങ്ങി പ്ലാപ്പള്ളി, ഇലവുംകൽ, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി, വെള്ളച്ചിമല, ഏറ്റപ്പെട്ടി, ഓളിയംപുഴ വഴിയാണ് യാത്ര.

ഘോഷയാത്രക്കൊപ്പം യാത്ര തിരിക്കുന്ന പന്തളം രാജ പ്രതിനിധി പമ്പയിലെത്തി രാജ മണ്ഡപത്തിൽ വിശ്രമിച്ച് ഭക്തർക്ക് വിഭൂതി പ്രസാദമായി നൽകും. ഇക്കൊല്ലം രാജ പ്രതിനിധിക്കായി പുതിയ പല്ലക്ക് ആണ് ഒരുക്കിയിട്ടുള്ളത്. മൂന്നാം ദിവസമാണ് രാജാവിന്റെ മലകയറ്റം. സന്നിധാനത്ത് കളഭവും മാളികപുറത്ത് നടക്കുന്ന കുരുതി പൂജയും കഴിഞ്ഞ് ശബരിമലയിൽ നടയടച്ച ശേഷമാണ് രാജാവ് തിരുവാഭരണങ്ങളുമായി പന്തളത്തേക്കു മടങ്ങുന്നത്. പന്തളത്തേക്കുള്ള മടക്കയാത്രയിൽ 21 ന് പെരുനാട് കക്കാട് കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ഉത്സവം നടക്കും. ഇവിടെ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ പ്രായഭേദമെന്യേ സ്ത്രീകൾക്ക് ദർശിക്കാനാവും. ശബരിമലയും പന്തളവും കഴിഞ്ഞാൽ തിരുവാഭരണങ്ങൾ ചാർത്തുന്നത് ശബരിമലയുടെ മൂല ക്ഷേത്രമെന്ന് ഖ്യാതിയുള്ള കക്കാട് കോയിക്കൽ മാത്രമാണ്.

പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലാണ് തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്. മൂന്ന് വലിയ പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളിൽ തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, തിരുമുഖം,പ്രഭാമണ്ഡലം,വലിയ ചുരിക, ചെറിയ ചുരിക,ആന, കടുവ,ശരപൊളി മാല, വെളക്കു മാല.മണി മാല, എറുക്കും പൂമാല.കഞ്ചമ്പരം, വെള്ളി കെട്ടിയ വലംപിരി ശംഖ്കലശത്തിനുള്ള തൈലക്കുടം, ജീവത, കൊടികൾ തുടങ്ങിയവ ഉൾപ്പെടുന്നു.

തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നപ്രദേശങ്ങളിൽ ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ അതാത് ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിൽ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച പന്തളം നഗരസഭാ പരിധിയിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചു. മകരവിളക്കിന് മുന്നോടിയായി പുല്ലുമേട് പാതയിലെ ഒരുക്കങ്ങളും സൗകര്യങ്ങളും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ സത്രത്തിൽ എത്തി വിലയിരുത്തി. സത്രത്തിലെത്തിയ മന്ത്രിക്ക് അയ്യപ്പസേവാസംഘം സ്വീകരണം നൽകി. തുടർന്ന് സത്രം എയർസ്ട്രിപ്പും മന്ത്രി സന്ദർശിച്ചു.


Comment As:

Comment (0)