ആലുവയിൽ പെരിയാറിലേക്ക് ചാടിയ അച്ഛൻ്റെയും മകളുടെയും മൃതദേഹം കണ്ടെടുത്തു

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ അച്ഛൻ്റെയും മകളുടെയും മൃതദേഹം കണ്ടെത്തി.ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) വിന്റെയും ആറു വയസ്സുള്ള മകള്‍ ആര്യനന്ദയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തിവരികയായിരുന്നു ഇയാള്‍. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

അത്താണി അസീസി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആര്യനന്ദ. സാധാരണയായി സ്കൂള്‍ ബസില്‍ പോകാറുള്ള ആര്യനന്ദയെ ലൈജു, താന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്നു. ലൈജുവിന്റെ ഭാര്യ സവിത ദുബായില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയായിരുന്നു.മകന്‍റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത മാസം നാട്ടിൽ വരുമെന്നായിരുന്നു സവിത അറിയിച്ചിരുന്നതെങ്കിലും രോഗ ബാധിതയായ അമ്മ അവശനിലയിലായതിനാൽ വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. അതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മൂത്ത മകൻ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവൻ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ലൈജുവിനുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയാണ് കൃത്യത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്


Comment As:

Comment (0)