കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) ഏർപ്പെടുത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി(എ.എസ്.ക്യൂ ) അവാർഡ് 2022 കരസ്ഥമാക്കി .
നെടുമ്പാശ്ശേരി : കോവിഡ് കാലത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 'മിഷൻ സേഫ്ഗാർഡിംഗ്' എന്ന പദ്ധതിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന് ഈ അവാർഡിന് അർഹമാകുന്നതിന് സഹായകരമായത് . കോവിഡ് അതിരൂക്ഷമായ 2021 -22
കാലഘട്ടത്തിലാണ് ' മിഷൻ സേഫ്ഗാർഡിംഗ്' എന്ന പദ്ധതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പിലാക്കിയത് . ആഗോള വ്യോമയാന മേഘലയിൽ വിമാനത്താവള കമ്പനികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് എ.എസ്.ക്യൂ അവാർഡ് . പ്രതിവർഷം 5 -15 ദശലക്ഷം വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന പട്ടികയിലാണ് കൊച്ചി അന്താരാഷ്ട്ര വിമാന താവളം ഉൾപ്പെട്ടിട്ടുള്ളത് .
പോളണ്ടിലെ ക്രാക്കോവിൽ നടന്ന ഗ്ലോബൽ സമ്മിറ്റ് 2022 ചടങ്ങിൽ കമ്പനി ചെയർമാൻ ശ്രീ. പിണറായി വിജയനും ഡയറക്ടർ ബോർഡിനും വേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് ഐ എ എസ് , എസിഐ വേൾഡ് ഡയറക്ടർ ജനറൽ ലൂയിസ് ഫിലിപ്പ് ഡി ഒലിവേരയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. യാത്രക്കാരിൽ നടത്തിയ എ.എസ്.ക്യൂ ഗ്ലോബൽ എയർപോർട്ട് സർവേ വഴിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത് . നിലവിലുള്ള മാനദണ്ഡങ്ങൾക്കു പുറമേ ഇത്തവണ വിമാനത്താവളങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും അവാർഡ് നിർണയത്തിനായി ഉൾപ്പെടുത്തിയിരുന്നു . പ്രതിസന്ധികൾക്കിടയിലും, ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ യാത്രക്കാരുടെ ആവിശ്യങ്ങൾക്കു പ്രഥമ പരിഗണ നൽകികൊണ്ട് പ്രവർത്തിച്ചു എന്ന് എ.സി.ഐ അഭിപ്രായപ്പെട്ടു.വ്യോമയാന യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര അനുഭവം ഏറ്റവും മികച്ച രീതിയിൽ നല്കുന്നതിനായുള്ള പദ്ധതികളാണ് എ.എസ്.ക്യൂ സർവേകളുടെയും അടിസ്ഥാനം.
കോവിഡിന്റെ പ്രത്യാഘതങ്ങളിൽ നിന്നുള്ള തിരിച്ചു വരവിനായി സിയാൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ആഗോള ശ്രദ്ധ നേടിയതിൽ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു . ചെയർമാന്റെയും ബോർഡ് ഓഫ് ഡയറക്ടർമാരുടെയും മാർഗനിർദേശങ്ങൾ അനുസരിച്ച് കോവിഡ് കാലഘട്ടത്തിൽ വിമാനത്താവളം 'മിഷൻ സേഫ്ഗാർഡിംഗ്' പദ്ധതി നടപ്പിലാക്കി, ഇത് യാത്രകാർക്ക് സുരക്ഷിതവും സുഗമമാവുമായ യാത്ര ഉറപ്പാക്കി"- സുഹാസ് കൂട്ടിച്ചേർത്തു.
മിഷൻ സേഫ്ഗാർഡിംഗ് എന്ന പദ്ധതി നടപ്പിലാക്കിയതോടെ മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 92.66 % വളർച്ചയും സർവീസുകളുടെ എണ്ണത്തിൽ 60.06 % വും വളർച്ചയും സിയാൽ രേഖപ്പെടുത്തി. രാജ്യാന്തര ട്രാഫിക്കിന്റെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാൽ കരസ്ഥമാക്കി .
എയർപോർട്ട് ഡയറക്ടർ സി.ദിനേശ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സജി കെ.ജോർജ്, ജനറൽ മാനേജർമാരായ ബിനി ടി.ഐ, ജോസഫ് പീറ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



