ജില്ലാ വികസന സമിതി യോഗം: പ്രൈവറ്റ് ബസ്സുകൾ അധിക നിരക്ക് ഈടാക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് പി.വി. ശ്രീനിജൻ എം എൽ എ
*ജില്ലാ വികസന സമിതി യോഗം*
*പ്രൈവറ്റ് ബസ്സുകൾ അധിക നിരക്ക് ഈടാക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് പി വി ശ്രീനിജൻ എം എൽ എ*
കോലഞ്ചേരിയിൽ നിന്നും പെരുമ്പാവൂരിലേക്ക് നെല്ലാട് വഴി സർവീസ് നടത്തുന്ന ഒരു പ്രൈവറ്റ് ബസ് സാധാരണ ബസ് നിരക്കിനേക്കാൾ അധികം നിരക്ക് ഈടാക്കുന്നു എന്ന നിലയിൽ പരാതികൾ ഉയർന്നു വരുന്നുണ്ട്. അത്തരത്തിലുള്ള പ്രൈവറ്റ് ബസുകളുടെ പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജൻ ആർ ടി ഒ യ്ക്ക് നിർദ്ദേശം നൽകി.
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സമഗ്ര പച്ചക്കറി കൃഷി പദ്ധതി നടപ്പിലാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ എം എൽ എ പറഞ്ഞു. വിദ്യാലയങ്ങളിൽ കുട്ടി കൃഷി എന്ന നിലയിലും ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കണം. കൃഷി പരിപോഷിപ്പിക്കുന്നതിനായുള്ള ഇടങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ഒരുക്കിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അതിനായുള്ള നടപടികൾ വേഗത്തിലാകണമെന്നും യോഗത്തിൽ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന് താഴെയുള്ള റവന്യൂ ഭൂമിയിലുള്ള പ്രദേശം ചുറ്റുമതിൽകെട്ടി സംരക്ഷിക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നും എം എൽ എ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കോവിഡ് കാലത്ത് വെട്ടിക്കുറച്ച കെ എസ് ആർ ടി സി സർവീസുകൾ തുടർന്ന് പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമോ എന്നുള്ളത് പരിശോധിക്കണമെന്ന് കെ എസ് ആർ ടി സി ഉദ്യോഗസ്ഥരോട് എം എൽ എ യോഗത്തിൽ സൂചിപ്പിച്ചു.
മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ പ്രതിനിധി അഡ്വ.സലിം ഉന്നയിച്ച വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കൻ വികസന സമിതി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ടി ജ്യോതിമോൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



