Mission News
Mission News
Sunday, 05 Mar 2023 18:00 pm
Mission News

Mission News

പോലീസ് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി ശ്വേത മേനോന്‍. ബാങ്കില്‍നിന്ന് പണം നഷ്ടമായവരില്‍ നടി ശ്വേത മേനോനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയ പശ്ചാത്തലത്തിലാണ് ശ്വേതയുടെ പ്രതികരണം. “വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്ന ശ്വേത ഞാനല്ല. കഴിഞ്ഞ ദിവസം മുതല്‍ ഇതേ കാര്യം തിരക്കി ഒരുപാട് കോളുകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. ഏതോ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റാണെന്ന് തോന്നുന്നു.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതില്‍ ശ്വേതയുടെ ചിത്രം ഉള്‍പ്പെടെയാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ബാങ്കിന്റേതെന്ന വ്യാജേന ലഭിച്ച സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടില്‍നിന്ന് പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായത്. ശ്വേത മേമന്‍ എന്നു പേരുളള മറ്റൊരു നടിയാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യകൊണ്ടായിരിക്കാം തന്റെ പേരില്‍ വാര്‍ത്ത വന്നതെന്ന് ശ്വേത പ്രതികരിച്ചു.

കെ.വൈ.സി., പാന്‍ വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപാടുകാര്‍ക്ക് തട്ടിപ്പുകാര്‍ സന്ദേശം അയച്ചത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അവരവരുടെ ബാങ്കുകളുടേതിനു സമാനമായ വ്യാജ വെബ്സൈറ്റിലാണ് എത്തിയത്. ഇവിടെ കസ്റ്റമര്‍ ഐഡി, പാസ്‌വേഡ്‌, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു നല്‍കിയതിനു പിന്നാലെയാണ് നാല്‍പതോളം ഇടപാടുകാരുടെ അക്കൗണ്ടില്‍നിന്നു ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്.