Mission News
Mission News
Monday, 20 Feb 2023 18:00 pm
Mission News

Mission News

ആദായ നികുതിക്കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു. കൊച്ചിയിലെ ആദായ നികുതി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്‌. സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകകളുമായി ബന്ധപ്പെട്ടും മറ്റു ഇതര ഭാഷാ, ഒ.ടി.ടി. സിനിമകള്‍ക്കു ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ടുമുള്ള വ്യക്തത ലഭിക്കാനാണ് ഐ.ടി. വകുപ്പ് ഫഹദിനെ വിളിച്ചുവരുത്തിയത്. കണക്കുകളില്‍ വ്യക്തത വരുത്താനാണ് വിളിപ്പിച്ചതെന്ന് ഫഹദ് ഫാസില്‍ പ്രതികരിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് പല വിഭാഗങ്ങളില്‍നിന്നുമായി ഫഹദ് വലിയ തുക അഡ്വാന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ തിരക്കുകാരണം പല സിനിമകളിലും ഫഹദിന് അഭിനയിക്കാനായില്ല. കോടിക്കണക്കിനു രൂപ വരുന്ന അഡ്വാന്‍സ് തുക വരുമാനത്തില്‍ ചേര്‍ത്തിട്ടില്ല എന്നതാണ് ആദായ നികുതി വകുപ്പ് ഫഹദിനെതിരേ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ഫഹദ് കൊച്ചിയിലെ ഐ.ടി. വകുപ്പ് ഓഫീസിലെത്തിയത്.

കഴിഞ്ഞ മാസം പ്രമുഖ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മലയാള സിനിമാ രംഗത്തുനിന്ന് ഏകദേശം 70 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് സാധ്യത