
കറുകുറ്റി: ജലജീവൻ പദ്ധതിയുടെ ഭാഗമായി കറുകുറ്റി പഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിൽ ഭൂരിഭാഗവും പൊട്ടിപ്പോവുകയും ജലവിതരണം തടസ്സപ്പെട്ട് വെള്ളം വരുന്ന ദിവസങ്ങളിൽ റോഡിലൂടെ ജലം പാഴായി പോകുന്ന സ്ഥിതിയുമാണ്. കറുകുറ്റി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ പൈപ്പിലൂടെയുള്ള വെള്ളം നിലച്ചതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.പഞ്ചായത്ത് ഭരണസമിതിയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വാട്ടർ അതോറിറ്റി ഓഫീസിൽ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയിച്ചിട്ടും പലതവണ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത തരത്തിലാണ് വാട്ടർ അതോറിറ്റിയുടെ സമീപനം. കിട്ടാത്ത സേവനത്തിനും വരാതിരിക്കുന്ന വെള്ളത്തിനും സാധാരണക്കാരായ ജനങ്ങൾ മാസവസാനം ബില്ലടയ്ക്കേണ്ട അവസ്ഥയിലാണ്. വരും ദിവസങ്ങളിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഓഫീസ് ഉപരോധം തുടങ്ങിയുള്ള ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആന്റണി പാലാട്ടി ബ്ലോക്ക് സെക്രട്ടറിമാരായ ഡൈമീസ് ഡേവിസ് ഡോൺ പടുവൻ എന്നിവർ അറിയിച്ചു.