
യാത്ര ബുക്കു ചെയ്യുന്നവരിൽ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാർജ്ജാണ് സ്വകാര്യ ബസുടമകൾ ഈടാക്കുന്നത്. ഉത്സവത്തോടെ വർദ്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരുടെ കീശചോർത്തുകയാണ് സ്വകാര്യ ബസുകൾ. ബംഗളൂരു, ചെന്നൈ അന്തർ സംസ്ഥാന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സീസൺ മുതലെടുത്ത് യാത്രക്കാരെ പിഴിയുന്നത്. ബംഗളൂരുവിൽ നിന്നും പാലക്കാട്ടേക്ക് ഈ മാസം 23, 24 തിയതികളിൽ 5000 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.
കെ.എസ്.ആർ.ടി.സിയിൽ നോൺ എ.സി സെമി സ്ലീപ്പറിന് 604 രൂപയും വോൾവോ എ.സിയിൽ 904 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാനില്ല. സാധാരണ സർവീസ് നടത്തുന്ന ട്രെയിനുകളിലും റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണിപ്പോൾ.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയർന്നു. അതേസമയം മിക്ക ട്രെയിനുകളും വൈകി ഓടുന്നത് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നുണ്ട്