
എടത്വ:ഉത്സവ പ്രതീതി ഉണർത്തി തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജത്തിൻ്റെ യു.ആർ.എഫ് ലോക റിക്കോർഡ് പ്രഖ്യാപനം നടന്നു.തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെത്തിയ മുഖ്യ അതിഥി ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയെ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് ചെണ്ടമേളത്തിൻ്റെയും വഞ്ചിപാട്ടിൻ്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ പ്രധാന വേദിയിലേക്ക് സ്വീകരിച്ചു.
യു.ആർ.എഫ് ചീഫ് എഡിറ്റർ ഡോ.ഗിന്നസ് സുനിൽ ജോസഫ് ലോക റിക്കോർഡ് പ്രഖ്യാപനം നടത്തുകയും സർട്ടിഫിക്കറ്റ് ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയും ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അംഗികാര മുദ്രയും സമ്മാനിച്ചു.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗായത്രി ബി.നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി.യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻറ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്,ക്ഷേത്ര ഉപദേഷ്ടാവ് ആർ. രാജൻ എടയാടിൽ ,ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, അജികുമാർ കലവറശ്ശേരിൽ, അഡ്വ.മുരളി മനോഹർ, ഒ.എസ് ഉണ്ണികൃഷ്ണൻ, ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ,ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി നായർ , വനിത സഭ പ്രസിഡൻ്റ് തങ്കമ്മണി രഘുനാഥ്, എന്നിവർ പ്രസംഗിച്ചു.
തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 ന് പ്രതിഷ്ഠിച്ചത്. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്.നിറയെ കൊത്തുപണികൾ ഉള്ള കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം.തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തികരിച്ചത്.