Mission News
Mission News
Monday, 12 Sep 2022 18:00 pm
Mission News

Mission News

തിരുവനന്തപുരം കോർപ്പറേഷനിൽ ശുചീകരണത്തൊളിലാളികൾ ഓണസദ്യ മാലിന്യകുപ്പയിൽ കളഞ്ഞ സംഭവത്തിൽ അവർക്കെതിരെയെടുത്ത  നടപടി പിൻവലിക്കും. ഇതോടെ 7 പേരുടെ  സസ്പെൻഷനും  4 പേരുടെ പിരിച്ചുവിടലും റദ്ദാക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

ജോലിസമയത്ത് ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാർ ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാല സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധിച്ചത്.  ഈ സംഭവത്തിലാണ് 11 പേർക്കെതിരെ നടപടിയെടുത്തിരുന്നത്.

അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അല്ലാതെ പണിഷ്‌മെന്റല്ല. അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ മാറിനില്‍ക്കട്ടെയെന്നാണ് തീരുമാനിച്ചത്.” ജീവനക്കാരുടെ മറുപടിയില്‍ അവ്യക്തയുണ്ടായിരുന്നതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ഓണാഘോഷ ദിവസം ജോലി ചെയ്യിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സ്വന്തം പണം കൊടുത്തു വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയില്‍ വലിച്ചെറിഞ്ഞത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ തൊഴിലാളികളെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയര്‍ന്നിരുന്നു. ഭക്ഷണത്തോട് അപമര്യാദയോടെയുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞത്.

അതേസമയം തൊഴിലാളികളെ അനുകൂലിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം രംഗത്തെത്തി. ഓണസദ്യ മാലിന്യക്കുപ്പയില്‍ എറിഞ്ഞത് ന്യായീകരിക്കാനാകില്ലെങ്കിലും, തൊഴിലാളികള്‍ക്കെതിരെ ഏകപക്ഷീയമായ നടപടി പിന്‍വലിക്കണമെന്ന് സിപിഎം, സിഐടിയു ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, സംഭവത്തില്‍ നടപടി നേരിട്ട ജീവനക്കാര്‍ മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇന്നലെ വിശദീകരണക്കത്ത് നല്‍കിയിരുന്നു. ധിക്കാരപരമായി പ്രതികാരനടപടിയെന്നോണമാണ് കോര്‍പ്പറേഷനിലെ ഹെല്‍ത്ത് വിഭാ​ഗത്തിലെ ഏതാനും ഉദ്യോ​ഗസ്ഥര്‍ പെരുമാറിയത്. ഇതേത്തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് പ്രതിഷേധിച്ച്‌ ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞതെന്നും വിശദീകരണക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.