Mission News
Mission News
Saturday, 01 Aug 2026 18:00 pm
Mission News

Mission News

ജില്ലയില്‍ ശക്തമായ മഴയെതുടര്‍ന്നുള്ള നീരൊഴുക്ക് മൂലം പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 മണി സമയത്തെ പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 421.00 മീറ്ററാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാലും അടുത്ത ദിവസം കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രവചിച്ചിരിക്കുന്നതിനാലും, ജലനിരപ്പ് 422.00 മീറ്റര്‍ എത്തുന്ന അടിയന്തര സാഹചര്യത്തില്‍ സൂയിസ് വാല്‍വുകളും ഘട്ടം ഘട്ടമായി തുറക്കുവാനുള്ള അനുവാദവും നല്‍കിക്കൊണ്ട് തൃശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഡാം തുറക്കുന്നതുമൂലം പൊരിങ്ങള്‍ക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒരുക്കാന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.