
ആലുവ: സ്വർണവും പണവും കവർന്ന ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. അസമിലെ മൊറിഗാണ്‍ മൊയ്റാബറിയില്‍ റെക്കിബുല്‍ ഹുസൈൻ (24) നെയാണ് അസമില്‍ നിന്ന് കുറുപ്പുംപടി പൊലീസ് പിടികൂടിയത്.
രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവൻ സ്വർണവും 15,000 രൂപയും മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇയാള്‍ അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. അന്വേഷണ സംഘം അസമില്‍ എത്തിയെങ്കിലും പിടികൂടുകയെന്നത് ദുഷ്കരമായിരുന്നു.
വേഷം മാറി താമസിച്ച് രഹസ്യമായി നടത്തിയ ഓപ്പറേഷനില്‍ ഗ്രാമത്തിലുള്ള വീട് വളഞ്ഞു. പ്രതി ഓടി തീവണ്ടിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് തീവണ്ടിയില്‍ക്കയറി സാഹസികമായി പിടി കൂടുകയായിരുന്നു. മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ചെയിൻ , വളകള്‍, സ്റ്റഡുകള്‍, കമ്മലുകള്‍ , ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങള്‍ എന്നിവ കണ്ടെടുത്തു. എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ വി രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബിഎം ചിത്തുജി, സീനിയർ സിപിഒമാരായ ശ്രീജിത്ത് രവി, അരുണ്‍ കെ കരുണ്‍, സിപിഒ എംആർ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.