
സ്നേഹപൂർണ്ണമായ സംവാദത്തിന്റെ അഭാവം ജനാധിപത്യത്തെ പിൻനടത്തുന്നു
സ്നേഹപൂർണ്ണമായ സംവാദത്തിന്റെ അഭാവം നമ്മുടെ ജനാധിപത്യത്തെ പിൻ നടത്തുന്നുവെന്ന് കെ.ഇ.എൻ. അഭിപ്രായപ്പെട്ടു. 'മതേതരത്വം, മാനവികത, സാംസ്കാരിക വൈവിധ്യം' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യവും ആചാരപരമായ നിഷ്പക്ഷതയും പരിഷ്കരണപരമായ നീതിയും പ്രാധാന്യത്തോടെ കാണണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ ഉത്സവങ്ങൾക്കും ദേശീയ പദവി നൽകണമെന്നും മതനിരപേക്ഷമായ ഉത്സവങ്ങൾ കൊണ്ടാടപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദരദാരിദ്ര്യം തീർത്ത കേരളത്തിന്റെ മനോദാരിദ്ര്യം തീർക്കാനുള്ള പ്രവർത്തനമാണ് വിഷൻ 2031 എന്ന് സ്വാമി സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ പുതിയ നവോത്ഥാനത്തിന്റെ തുടർചലനങ്ങൾ സംഭവിക്കണമെന്ന് അനിൽ ചേലേമ്പ്ര പറഞ്ഞു. പുതിയ തലമുറയുടെ ആശയാഭിരുചികളോട് താദാത്മ്യം പ്രാപിക്കുന്നതാകണം പുതിയ നയരേഖയെന്ന് റഫീഖ് ഇബ്രാഹിം സെമിനാറിൽ ആവശ്യപ്പെട്ടു.
‘കേരളം ഇന്നലെ ഇന്ന് നാളെ- നവോത്ഥാനത്തില്‍നിന്ന് നവകേരളത്തിലേക്ക്-ജനകീയ സര്‍ക്കാരുകളുടെ സംഭാവനകള്‍’ സെമിനാര്‍ മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അവതരിപ്പിച്ചു. മാനവികതയുടെ ജ്വലനമായിരുന്ന നവോത്ഥാനത്തിനു ശേഷം സാഹിത്യത്തിലും നമ്മുടെ ജീവിതത്തിലും പല ഘട്ടങ്ങളിലായി ഭാവുകത്വപരമായ വ്യതിയാനം സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവുകത്വ വ്യതിയാനങ്ങൾ നാട്ടിൽ നടപ്പിലാക്കാൻ കെൽപ്പുള്ള ഭരണകൂടം ഉണ്ടായതിനാലാണ് ഭൂപരിഷ്കരണം പോലുള്ള വലിയ വിപ്ലവങ്ങൾ നമ്മുടെ നാട്ടിൽ സംഭവിച്ചത്. മുല്ലപ്പൂവിപ്ലവം പോലുള്ള പുതിയ നവോത്ഥാനങ്ങൾ പാതിയിൽ അവസാനിച്ചത് അതു നടപ്പിലാക്കാൻ പര്യാപ്തമായ ഭരണകൂട പിന്തുണ ലഭ്യമാകാത്തതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1991-കൾക്കു ശേഷമുള്ള നവലിബറൽ നയങ്ങൾ കേരളത്തെ പരുവപ്പെടുത്തിയതിനെ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഓർമിപ്പിച്ചു. നവോത്ഥാനത്തിന്റെ സ്ത്രീപ്രാതിനിധ്യത്തിലൂടെ നവോത്ഥാനത്തെ പുനർ വായിക്കേണ്ടതുണ്ടെന്ന് സി.എസ്. ചന്ദ്രിക പറഞ്ഞു. കാർഷികമേഖലയിലെ വികസനം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം മുതലായ വികസ്വര ഘട്ടങ്ങൾ ഡോ. എം.എ. സിദ്ദിഖ് ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയും മൂല്യങ്ങളും എങ്ങനെ പുതുതലമുറയിലേക്കു പകർത്തുന്നുവെന്നതു പ്രധാനമാണെന്ന് ഡോ. ജിജു പി. അലക്സ് അഭിപ്രായപ്പെട്ടു.
എ.വി. അജയകുമാര്‍ ആയിരുന്നു സെമിനാറുകളുടെ മോഡറേറ്റര്‍..