
കമ്പിളിക്കണ്ടത്തെ കൽഭരണിയിലെ കലൂരിലെ വീര്യം
അവലോകനം:
[എ. സെബാസ്റ്റ്യൻ ]
...................................
പ്രത്യാശയുടെ സുവിശേഷമാണ് "കമ്പളിക്കണ്ടത്തെ കല്‍ഭരണികള്‍." കഷ്ടപ്പാടിന്റെ കഥ ചാലിക്കാതെ, അതിന്റെ ചൂരും ചൂടും കളയാതെ നേരായി പറഞ്ഞു എന്നിടത്താണ് ഈ പുസ്തകം വായിക്കപ്പെടുന്നത്. രക്ഷപ്പെടുമ്പോള്‍ കടന്നു വന്ന അനുഭവിച്ച ദുരിതങ്ങള്‍ മാറ്റി വെച്ച് കോട്ടും സൂട്ടുമണിഞ്ഞ് ജീവിതം മാറ്റി പിടിക്കുന്നിടത്ത് നിന്നും സത്യസന്ധമായി തങ്ങളുടെ ജീവിതം പറഞ്ഞിടത്താണ് ഇത്രയേറെ ശ്രദ്ധ നേടിയത്. എഴുത്തില്‍ നിന്നും സംസാരത്തിലേക്ക് എഴുത്തുകാരന്‍ മാറുമ്പോള്‍ എഴുത്തിലും സംസാരത്തിലും വിജയിക്കുക എന്നത് അപൂര്‍വ്വമാണ്. ഒറ്റ പുസ്തകം കൊണ്ട് ഏറെ വായനക്കാരെ സമ്പാദിക്കുക എന്നത് എല്ലാവര്‍ക്കും കഴിയുന്നതല്ല. എന്നാല്‍ ഇവിടെ സംഭവിക്കുന്നതോ? ഒരു പുസ്തകം ഇറങ്ങി അതിശയപ്പെടുത്തുന്ന തരത്തില്‍ പതിപ്പുകള്‍ ഇറങ്ങി കൊണ്ട് അത്ഭുതപ്പെടുത്തുമ്പോള്‍ അതിന്റെ സീക്രട്ട് എന്താണെന്ന് അറിയുവാന്‍ ഈ രംഗത്ത് ഒന്നുമല്ലാത്തവര്‍ വട്ടം കൂടുന്നത് സ്വാഭാവികം, ഞാന്‍ വലിയ എഴുത്തുകാരന്‍ ഇവനേക്കാള്‍ മുന്‍പ് ഞാന്‍ എഴുതി തുടങ്ങിയതാണ്. എന്നിട്ടും എന്തേ ശ്രദ്ധിക്കപ്പെടുന്നില്ല. അറിയപ്പെടുന്നില്ല. പുതിയ മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമാണോ? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും കമ്പിളിക്കണ്ടത്തെ കല്‍ഭരണി തോളിലേറ്റുവാന്‍ തിടുക്കം കൂട്ടുന്നവരുടെ തിരക്ക് അധികരിച്ചു വരുന്നത് കാണാതിരിക്കാന്‍ കഴിയുന്നില്ല.
സ്വന്തം ജീവിതത്തെ മാറ്റി നിറുത്തി മസാല പുരട്ടി പറയുക എന്നതാണ് നടപ്പ് എഴുത്തു രീതി .അതില്‍ നിന്നും വ്യത്യസ്തമായി മസാല പുരട്ടാതെ സത്യസന്ധമായി ജീവിതം പറഞ്ഞപ്പോഴാണ് അത് വായനക്കാര്‍ ഏറ്റെടുത്തത്. നിലവിലെ രീതിശാസ്ത്രത്തെ പാടെ അവഗണിച്ചുകൊണ്ടാണ് ഇതിന് ബാബു എബ്രഹം തുടക്കം കുറിച്ചത്. അതിലൂടെ വായനക്കാര്‍ക്ക് എന്ത് കിട്ടിയെന്ന് സ്വാഭാവികമായി ചോദ്യം ഉയര്‍ന്നു വരാം. കാര്യമില്ലാത്ത കാര്യത്തിന് ജീവിതം അവസാനിപ്പിക്കുന്നവര്‍ക്കൊരു കൈപ്പുസ്തകമായി മാറുന്ന കാഴ്ചയാണ് ഇത് സംബന്ധമായ എല്ലാ വാര്‍ത്തകളും അറിയുമ്പോള്‍ കാണുവാന്‍ കഴിയുന്നത്. മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ മാജിക് ഇതിലൊളിഞ്ഞിരുപ്പുണ്ട്. അത് കിട്ടുന്ന മാത്രയില്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എത്ര നിസാരം എന്ന ബോധ്യപ്പെടുത്തലാണ് ഈ പുസ്തകം ഉയര്‍ത്തുന്ന മനുഷ്യ പക്ഷ രാഷ്ട്രീയം. അതിന് യാതൊരു ഇസങ്ങളുടെയും താങ്ങും തണലുമില്ലാതെ തന്റെ ജീവിതം വെള്ളം ചേര്‍ക്കാതെ പറഞ്ഞു എന്നിടത്താണ് ബാബു എബ്രഹാം എന്ന എഴുത്തുകാരന്‍ ഉയര്‍ന്നു നില്‍ക്കുന്നത്. എന്നാല്‍ മറിച്ചൊരു വാദം ഉയര്‍ന്നു വരാം. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവര്‍ ഇന്നും ഒരു തരത്തിലും രക്ഷപ്പെടാത്തവര്‍, ആ അനുഭവത്തെ ഫിക്ഷനിലൂടെ പറഞ്ഞ് രക്ഷപ്പെടാതെ അലയുന്നവരില്ല? അത് ഉണ്ടാകാം. ഇത് ബാബു എബ്രഹാമിന്റെ എഴുത്തു വഴി മാത്രമാണ്. അത് അയാള്‍ സ്വയം വെട്ടിതുറന്ന് വന്നപ്പോള്‍ ഉണ്ടായ പുതുമയില്‍ നിന്നുമാണ് വില്‍ക്കപ്പെടുന്നതും ശ്രദ്ധിക്കപ്പെടുന്നതും അതിന്റെ വഴിയില്‍ നിങ്ങള്‍ സഞ്ചരിക്കേണ്ടതില്ല. നിങ്ങള്‍ക്ക് മറ്റ് പുതിയ വഴി വെട്ടിതുറന്നാല്‍ മാത്രമേ രക്ഷയുള്ളു എന്നും പറയാതെ പറയുന്നിടത്താണ് ഈ കൃതിയുടെ വിജയം.
കുടുംബക്കാരുടെ എതിര്‍പ്പുകളെ മറികടന്ന് പറയുന്നത് സത്യമാണെങ്കില്‍ എന്തിന് ഭയപ്പെടണം. സ്വന്തം കുട്ടികള്‍ വരെ എഴുതു എന്ന് പറയുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം അതും അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളെ അലങ്കാരമായി കാണുവാന്‍ കഴിയുന്നിടത്താണ് വീട്ടുകാരുടെ സപ്പോര്‍ട്ട് ഉയര്‍ന്ന് നില്‍ക്കുന്നത്. കടന്ന് വന്ന വഴികള്‍ പറയുമ്പോള്‍ അത് വസ്തുതയാകുന്നിടത്ത് ആരെ ഭയപ്പെടണം. ഉള്ളത് പറയുവാന്‍ ആരെയും ഭയപ്പെടേണ്ട. മറ്റുള്ളവര്‍ക്ക് അതിലൂടെ ഒരു ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ ഒരു കച്ചി തുരുമ്പായി മാറുന്നുവെങ്കില്‍ ആ എഴുത്ത് തുടരേണ്ടതല്ലേ.