
മണ്ണൂർ : കോലഞ്ചേരി വാളകം മണ്ണൂർ റൂട്ടിൽ പെരുമ്പാവൂർക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ തട്ടിപ്പിന് തടയിട്ട് ഒരു സാധാരണക്കാരൻ്റെ പൗരധർമ്മം. കോലഞ്ചേരി മണ്ണൂർ 23 രൂപ ഫെയർ സ്റ്റേജ് എന്നതിന് പകരം 25 രൂപ ഈടാക്കിയിരുന്ന സ്വകാര്യ ബസിന് എതിരെ 2024 ൽ ആരംഭിച്ച പരാതികളും തുടർ നടപടികളുമാണ് ഇപ്പോൾ വിജയം കണ്ടത്.
തട്ടിപ്പിനെതിരെ 2024 ഡിസംബറിൽ ആണ് എസ് ശ്രീനാഥ് മൂവാറ്റുപുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് ആദ്യമായി പരാതി സമർപ്പിച്ചത്. പിന്നാലെ പരാതി പിൻവലിക്കാൻ ബസ് ജീവനക്കാരൻ സമ്മർദ്ദം ചെലുത്തി എങ്കിലും പരാതിക്കാരൻ പരാതിയിൽ ഉറച്ചുനിന്നു. പരാതിയിൽ നടപടി സ്വീകരിച്ചതായി അറിയിച്ച മോട്ടോർ വാഹന വകുപ്പ് പക്ഷേ അത് ഉറപ്പാക്കാൻ ശ്രമിച്ചില്ല. തുടർന്ന് കുന്നത്തുനാട് എം.എൽ.എ വിഷയം രണ്ട് തവണ ജില്ലാ വികസന സമിതിയിൽ അവതരിപ്പിച്ചു
ടിക്കറ്റിൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം ദൂരെയുള്ള മറ്റ് സ്റ്റോപ്പുകൾ രേഖപ്പെടുത്തിയും മറ്റുമായിരുന്നു അധികം ചാർജ് ഈടാക്കിയിരുന്നത്.
പരാതിക്കാരൻ നടത്തിയ തുടരന്വേഷണങ്ങളിൽ തട്ടിപ്പ് തുടരുന്നതായി വ്യക്തമായി. വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങൾ തട്ടിപ്പ് തെളിവ് സഹിതം പുറത്തുകൊണ്ടുവരാൻ സഹായിച്ചു. തുടർന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർബന്ധിതരായി.