Mission News
Mission News
Wednesday, 01 Oct 2025 18:00 pm
Mission News

Mission News


(ലേഖകൻ: ഡോ. സജികുമാർ വി ( സാമുഹ്യ, മനഃശാസ്ത്ര, രാഷ്ട്രീയ ഗവേഷകൻ, ചിന്തകൻ)


ഒരു കൈയ്യിൽ ഭഗവത് ഗീതയും മറുകൈയിൽ സ്വാശ്രയത്തിൻ പ്രതീകമായ ഊന്നുവടിയും ശരീരത്തിൽ സ്വദേശി വസ്ത്രവും ധരിച്ച് ഊരു ചുറ്റി സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും രാമരാജ്യ സന്ദേശം ലോകത്തെ പഠിപ്പിക്കാൻ ശ്രമിച്ച ഒരു മഹാ പ്രതിഭയുടെ ജന്മദിന സ്മരണയിലാണ് നമ്മൾ ഭാരതീയർ.
ഒരു മനുഷ്യായുസ്സിൽ ഒരു വ്യക്തിക്ക് രാഷ്ട്ര സേവന പാതയിൽ ചെയ്യാവുന്നതിനുമപ്പുറം കാര്യങ്ങൾ ബ്രിട്ടീഷ് ഇന്ത്യൻ സമ്പന്നവർഗ്ഗ ആധിപത്യകാലയളവിൽ അവരോടൊപ്പം നിന്നു കൊണ്ട് ചെയ്യാൻ കഠിനാധ്വാനം ചെയ്ത വ്യക്തി എന്ന നിലയിലാണ് സാധുക്കളും സാധാരണക്കാരുമായ ഭാരതീയ ജന വിഭാഗം ഗാന്ധിജിയെ മഹാത്മാവായി കാണുന്നത്
ഇവിടെ ഒരു മഹാത്മാവ് എന്ന പരിവേഷത്തിൽ വിമർശകർ കാണുന്ന എല്ലാ പോരായ്മകളും അദ്ദേഹവും ഒരു കേവല മനുഷ്യനാണ് എന്നതിനാൽ തന്നെ അപ്രസക്തവും അജ്ഞത അന്ധകാര മനോവികാരങ്ങളുടെ പ്രകടനവുമായാണ് വിലയിരുത്തുക
പ്രതിസന്ധി നിവാരണവും, കർമ്മ ബോധവും, ആത്മപ്രകൃതിയും ഇത്രയും കൃത്യതയോടെ കാര്യകാരണസഹിതം പ്രതിപാദിക്കുന്ന ഭഗവത്ഗീതയ്ക്ക് സമാനമായ മറ്റൊരു ഗ്രന്ഥവും ലോകത്ത് എഴുതപ്പെട്ടിട്ടില്ല പ്രമുഖമായ 108 ഉപനിഷത്തുകളുടെ ഒരു സമാഹാര സന്ദേശമാണ് ഭഗവത്ഗീത   എന്ന് നിരൂപിക്കുന്നതിൽ തെറ്റില്ല
 ഗാന്ധിയൻ ചിന്തയിൽ ഭഗവത് ഗീതയ്ക്കൊപ്പം ക്ഷമയുടെയും സഹിഷ്ണുതയുടെയും നന്മയുടെയും സ്നേഹത്തിന്റെയും അത്യുജ്ജ്വല ത്യാഗത്തിന്റെയും പാഠങ്ങളിലേക്ക് മനുഷ്യനെ കൂട്ടിക്കൊണ്ടുപോകുന്ന ബൈബിളും നിത്യസഞ്ചാരിയാണ്
വിദേശാധിപത്യത്തിൽ നിന്നും സ്വദേശാധിപത്യത്തിലേക്ക് കടക്കുമ്പോൾ നവ രാഷ്ട്രീയ ഭരണസംവിധാനങ്ങൾ  വരണമെന്നുള്ള ഗാന്ധിജിയുടെ അഭിപ്രായങ്ങൾ നിരാകരിക്കപ്പെട്ടു. ഗ്രാമീണതല ഭരണ – നിയമ - വികസന കൂടിയാലോചന പരിഹാരങ്ങൽ, തദ്ദേശീയ ശാസ്ത്ര സാങ്കേതിക ഉൽപ്പന്നങ്ങൾ,  മദ്യം - മയക്കുമരുന്ന് ഇവയുടെ നിരോധനം, സ്ത്രീ സുരക്ഷ തുല്യത,  യാചക രഹിത രാഷ്ട്രം, ശാസ്ത്രീയ - സ്വാലമ്പി ഭാരതം എന്നീ ഗാന്ധിയൻ നിർദ്ദേശങ്ങളും അവഗണിക്കപ്പെട്ടു.
ബ്രിട്ടീഷ് കാലയളവിലെ ബ്യൂറോക്രസിയും     അരിസ്റ്റോക്രസിയും അതേപടി പുതിയ സംവിധാനത്തിന് കീഴിൽ അണിനിരക്കുകയും അധികാര വടംവലിയും കുടുംബ മേൽക്കോയ്മകളും സ്വാർത്ഥതയും മതാന്തതയും ബഹുജന അജ്ഞതയും ക്രൂരകൃത്യങ്ങളും മനുഷ്യത്വരഹിതമായി അരങ്ങേറുന്ന ദയനീയ കാഴ്ച കണ്ട ഗാന്ധിജി നടുങ്ങി. താൻ സ്വപ്നം കണ്ട രാമരാജ്യത്തിലേക്ക് അല്ല ഈ രാജ്യം നീങ്ങുന്നതെന്ന് മനസ്സിലാക്കിയ ആ മഹാത്മാവ് ബ്രിട്ടീഷ് ഏകാധിപത്യത്തിന് നേരെ താൻ തൊടുത്ത നിരാഹാരം എന്ന അസ്ത്രം അതിൻറെ പുതിയ പതിപ്പായ ഭരണസംവിധാനത്തിന് നേരെയും പ്രയോഗിച്ചു.
എന്നാൽ ഗാന്ധിജി എന്ന മഹാത്മാവിന്റെ ആവശ്യകത ലക്ഷ്യം കണ്ടതിനാൽ, പരിമിതമായ സുരക്ഷ പോലും ഒരുക്കാതെ ആ മഹാത്മാവിനെതിരെ ഒരു അഭിനവ ഘാതകനെ സൃഷ്ടിച്ചു തന്ത്രപൂർവ്വം ഈ രാഷ്ട്രത്തെ പുതിയൊരു ഗാന്ധിക്ക് ഉദയം ചെയ്യാനാവാത്ത വിധം സ്വാർത്ഥതയുടെയും അധികാരമോഹികളുടെയും ഇരയെന്ന നിലയിൽ കൊടിയ ഇരുട്ടിലേക്ക് തള്ളിയിട്ടു.
അല്ലയോ മഹാത്മാവേ അങ്ങയുടെ ധീരസ്മരണകളിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഇവിടെ അങ്ങയുടെ കളിത്തൊട്ടിലിൽ ആ ചാരത്തിൽ നിന്നുതന്നെ ഫിനിക്സ് പക്ഷികളായി പുതിയ സൂര്യന്മാർ ഉദിക്കുകയാണ്. അവർ  ഈ നാടിൻറെ നഷ്ടപ്പെട്ട ചിറകുകൾ വിളക്കിചേർക്കും, ഭാരതീയ സ്ത്രീത്വത്തിന് തിലകവും സുരക്ഷയും അഭിമാനവും നൽകും. അവർ ഭാരതത്തെ വീണ്ടെടുക്കും. തെളിവ് അടിസ്ഥാന വ്യവസ്ഥയിൽ നിന്നും സത്യത്തിന്റെയും ധർമ്മത്തിന്റെയും സമയബന്ധിത ഗ്രാമതല നീതിന്യായ വ്യവസ്ഥ പുന: സൃഷ്ടിക്കും.
അങ്ങ് സ്വപ്നം കണ്ട രാമരാജ്യം അത് വരിക തന്നെ ചെയ്യും അവിടെ ഓരോ ഭാരതീയനും ഓരോ രാഷ്ട്രശില്പിയാകും. ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കും യാഥാർത്ഥ്യങ്ങൾക്കും മുൻപിൽ സത്യം ജയിക്കും ധർമ്മം പുലരും. കാലോചിതമായ പുതിയൊരു ഭരണസംവിധാനം വരും. ഭാരതം സ്വാശ്രയമാകും. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വക്താവായ അങ്ങയുടെ നാമം എക്കാലവും ലോകമെമ്പാടും പ്രകീർത്തിക്കപ്പെടട്ടെ. നമ്മുടെ ഭാരതം വിജയിക്കട്ടെ.