
നെടുമ്പാശ്ശേരി :
ജീവനക്കാരിയുടെ നഷ്ടപ്പെട്ട പാദസരം അന്വേഷണത്തിലൂടെ കണ്ടെത്തി നൽകി. എയർപോർട്ടിൽ ജോലി ചെയ്യുന്ന അക്ഷയയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരമാണ് നഷ്ടപ്പെട്ടത്. പലയിടത്തും തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടർന്ന് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സി സി ടി വി കളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഒരാൾ വഴിയിൽ നിന്ന് എടുത്തതായി വിവരം ലഭിച്ചു. പിന്നീട് അയാളെകണ്ടു പിടിക്കുകയായിരുന്നു. തുടർന്ന് ചോദിച്ചതിൽ പാദസരം കിട്ടിയെന്നും മുക്കുപണ്ടമാണെന്നു കരുതി വാഹനത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പാദസരം കൈമാറുകയുമായിരുന്നു. ഇൻസ്പെക്ടർ എം.എച്ച് അനുരാജ്, എസ്.ഐമാരായ എസ്.എസ് ശ്രീലാൽ, സാബു വർഗീസ്, എ.എസ്.ഐ കെ.എം ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.