
അനിൽ മോഹനെ തേടി മുഖ്യമന്ത്രിയുടെ മെഡലും.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ മോഹനെ തേടി മുഖ്യമന്ത്രിയുടെ 2025ലെ വിശിഷ്ട സേവാ മെഡലും. മികച്ച രക്ഷാപ്രവർത്തനങ്ങൾക്ക് 2025 ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ ഡിസ്ക് ആൻഡ് കമൻറ്റേഷൻ സർട്ടിഫിക്കറ്റും, സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലിൻ്റെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിരുന്നു.
ഇപ്പോൾ ചാലക്കുടിയിൽ ജോലി ചെയ്യുന്ന അനിൽ 2024 ൽ മാത്രം 11 ഓളം പ്രധാനപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ നടത്തിയിരുന്നു. കവളപ്പാറ ദുരന്തത്തിലും, വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനം നടത്തി. ആളൂർ കുഴിക്കാട്ട്ശേരിയിൽ അർദ്ധരാത്രിയിൽ കാറടക്കം മൂന്നു മൂന്നുപേർ ക്വാറിയിൽ അകപ്പെട്ടപ്പോൾ ഒറ്റ ഡൈവിൽ സഹപ്രവർത്തകനോടൊപ്പം മുങ്ങിയെടുത്തതും, ചാലക്കുടി എലഞ്ഞിപ്രയിൽ മരം വെട്ടുന്നതിനിടെ 50 അടിയോളം ഉയരം വരുന്ന മരത്തിനു മുകളിൽ കുടുങ്ങിയ മരംവെട്ട് തൊഴിലാളിയെ മുകളിൽ കയറി രക്ഷപ്പെടുത്തിയതും, 2023 ഡിസംബറിൽ മലയാറ്റൂർ മണപ്പാട്ട് ചിറയിൽ കാറടക്കം രണ്ടുപേർ വെള്ളത്തിലകപ്പെട്ടപ്പോൾ ഒറ്റയ്ക്ക് രണ്ടുപേരെയും മുങ്ങിയെടുത്തതും അനിലാണ്.
അങ്കമാലി പുളിയനം സ്വദേശിയായ അനിൽ മോഹൻ ഫയർഫോഴ്സിന്റെ ഫോർട്ട് കൊച്ചിയിലെ ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിലെ സ്കൂബ ഡൈവിംഗ് ഇൻസ്ട്രക്ടർ കൂടിയാണ്. നേവി ഉദ്യോഗസ്ഥയായ രേഖ രാമകൃഷ്ണനാണ് ഭാര്യ. ഇരട്ട കുട്ടികളായ ഭഗത് അനിലും മണികർണിക അനിലും അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. മുങ്ങിമരണങ്ങൾ ഏറെ കണ്ടിട്ടുള്ള അനിൽ തൻ്റെ രണ്ടു മക്കളെയും ഏഴാം വയസ്സിൽ പെരിയാർ പുഴയിലെ നീന്തൽ പരിശീലകൻ സജീ വാളശ്ശേരിയുടെ ശിക്ഷണത്തിൽ മക്കളെ നീന്തൽ പഠിപ്പിക്കുകയും രണ്ടുപേരും പുഴ നീന്തി കടക്കുകയും, മണികർണിക അനിൽ ഏഴാം വയസ്സിൽ കൈകാലുകൾ ബന്ധിച്ച് പുഴ നീന്തി കടന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം പിടിച്ച നീന്തൽ താരവുമാണ്.