Mission News
Mission News
Wednesday, 13 Aug 2025 18:00 pm
Mission News

Mission News

ലേഖനം: ഡോ:വി.സജികുമാർ (സാമൂഹ്യ മന:ശാസ്ത്ര ,രാഷ്ട്രീയ ,ഗവേഷകൻ ചിന്തകൻ)

'

ഭരണഘടന - ജനാധിപത്യം സ്വതന്ത്ര ഇന്ത്യയിൽ

നിരവധി ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തേണ്ടുന്ന ബാധ്യത യോടുകൂടിയാണ് ഇൻഡ്യൻ ഭരണഘടന ശിൽപ്പികൾ നമ്മുടെ ഭരണഘടനക്ക്  രൂപം നൽകിയത്. പ്രാദേശിക രാജഭരണ വ്യവസ്ഥിതിയിൽ നിന്നും ഒരു ജനാധിപത്യ ഭരണ സംവിധാനത്തിലേക്ക് മാറിയ ഇന്ത്യക്ക് മുമ്പിൽ ബ്രിട്ടീഷ് ഭരണഘടനയാണ് ആധാരശിലയായി ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടൻ്റെ പിന്തുടർച്ചയെന്ന നിലയിൽ സ്വാതന്ത്യനന്തര ഇന്ത്യയും  ബ്രിട്ടീഷ് ഭരണഘടന സവിശേഷതകൾ ഉൾകൊ   ള്ളൂന്നതും എന്നാൽ ഭാരതത്തിൻ്റെ ആ കാലയളവിലെ സ്ഥിതിഗതികൾക്ക് യോജിച്ചതുമായ ഒരു ഭരണഘടനയും ജനാധിപത്യ സംവിധാനവുമാണ് ഇന്ത്യയിൽ നടപ്പിലാക്കിയത്.
ബ്രിട്ടൺ പിന്തുടർന്ന ' സമ്പന്നവർഗ്ഗ ജനാധിപത്യത്തെ ( aristocratic democracy)' മെച്ചപ്പെടുത്തി സമ്പന്ന - ഭരണ വർഗ്ഗ ജനാധിപത്യം ( aristocratic & bureaucratic democracy) നടപ്പിലാക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി അഞ്ച് വർഷത്തിൽ ഒരിക്കൽ പ്രായപൂർത്തി വോട്ടവകാശം എന്ന ഒരു ചടങ്ങ് കാലാകാലങ്ങളിൽ സംഘടിപ്പിക്കാനും സാധാരണക്കാരും സാധുക്കളുമായ മഹാഭൂരിപക്ഷം ജനത്തെ ഈ അവകാശം ഉയർത്തിക്കാട്ടി കൂടെ നിർത്തുവാനും സമ്പന്ന - അധികാര വർഗ്ഗ ജനാധിപത്യത്തിന് കഴിഞ്ഞുവെന്നത് ഏറെ പ്രശംസനീയമായ ഒന്നാണ്.
ഓരോ അഞ്ചു വർഷം കൂടുമ്പോഴും കടന്നു ചെല്ലുന്ന എല്ലാ രാഷ്ട്രീയ പ്രതിനിധികൾക്കും അധികാരവും  പരിമിതികളും ഉത്തരവാദിത്തങ്ങളും കല്പിച്ചു നൽകി അവരെയും തങ്ങളുടെ ദേശസേവനത്തിൻ്റെ പാതയിൽ പങ്കാളികളാക്കാൻ ഭരണതന്ത്രജ്ഞർക്ക് സാധിച്ചുവെന്നതും ചെറിയകാര്യമല്ല.
ഇന്ന് പുതിയ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന പല അടിസ്ഥാന പ്രശ്നങ്ങൾക്കും നിലവിലെ ഭരണഘടന യോ സംവിധാനങ്ങളോ പര്യാപ്തമല്ല എന്ന് നമുക്ക് സമ്മതിക്കാതെ വയ്യ. ഇതിൽ ഒന്നാമതായി ഭാരതത്തിലെ ഓരോ വ്യക്തിക്കും അർഹതപ്പെട്ട അടിസ്ഥാന അവകാശങ്ങളായ ശുദ്ധവായു, കുടിവെള്ളം, പാർപ്പിടം, സുരക്ഷ, തുല്യനീതി ഇവ പോലും പൂർണ്ണ തോതിൽ ലഭ്യമാക്കുവാൻ നമുക്ക് കഴിയുന്നില്ല എന്നതാണ്.
അഴിമതി, കെടുകാര്യസ്ഥത, സ്വജന പക്ഷപാതം, അറിവില്ലായ്മ തുടങ്ങിയവ ഇതിന് കാരണങ്ങൾ ആയി പറയുമ്പോഴും ലോകത്തെ മൂന്നാമത് സാമ്പത്തിക ശക്തിയാകുന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നടുക്കുന്ന യാഥാർഥ്യമാണ്.
നിലവിലെ ഭരണഘടന വിഭാവനം ചെയ്യുന്ന റിസർവേഷനുകൾ അതാത് വിഭാഗത്തിലെ പത്തു ശതമാനം മാത്രം വരുന്ന കുടുംബങ്ങൾ സ്ഥിരം സ്വകാര്യ അവസരമായി ചൂഷണം ചെയ്യുന്നതിനാൽ ശേഷിക്കുന്ന തൊണ്ണൂറു ശതമാനവും അവഗണനയുടെ നിശ്ശബ്ദ പീഡകൾ അനുഭവിക്കുകയാണ്.
ബ്രിട്ടൻ്റെ പരിമിത പ്രഭു ജന വിഭാഗത്തിൻ്റെ ഇങ്ങിതങ്ങൾ നടപ്പിലാക്കുവാൻ വിഭാവനം ചെയ്ത ജുഡിഷ്യൽ സിസ്റ്റം ഇന്ത്യയും ഭരണഘടനയിൽ പകർത്തിയതിനാൽ , ഒരു മണിക്കൂർ കൊണ്ട് ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാവുന്ന തർക്കങ്ങൾ പോലും ഒരായുസ്സ് പാഴാക്കിയാലും പരിഹരിക്കപ്പെടാതെ കോടതി വരാന്തകൾ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് പൊതുജനം എന്ന വിമർശനം നിലവിലെ ഭരണഘടന - ജുഡിഷ്യൽ സംവിധാനം കാലോചിതമായി നവീകരിക്കണം എന്ന ന്യായമായ ആവശ്യത്തിന് ആക്കം കൂട്ടുന്നു.
ബ്രിട്ടിഷ് ഭരണം അവസാനിച്ചിട്ടും ബ്രിട്ടൻ്റെ നിയമങ്ങൾ ആണ് നമ്മെ ഭരിക്കുന്നതെങ്കിൽ നമ്മൾ എത്രത്തോളം സ്വതന്ത്രരാണ് എന്നതും വിമർശകർ ഉന്നയിക്കുന്നു. നാം ഇന്ത്യൻസ് ആണ് എന്നാൽ ഭാരതീയർ ആയിട്ടില്ല. നമ്മൾ വിദേശികൾക്ക് മുമ്പിൽ ഇന്ത്യക്കാരും സ്വദേശികൾക്ക് മുമ്പിൽ ഭാരതീയരും ആകാൻ  പഠിക്കേണ്ടതുണ്ട്, പരിശ്രമിക്കേണ്ടതുണ്ട്, , കയ്പേറിയ ചില യാഥാർത്ഥ്യങ്ങൾ ഉൾകൊള്ളേണ്ടതുണ്ട്.
ഇവിടെ നിലവിലെ വ്യവസ്ഥിതിക്ക് പകരം എന്താണ് ഉചിതം എന്ന് വിചിന്തനം ചെയ്യേണ്ടതുണ്ട്. ഇന്ത്യയെപ്പോലെ ഉയർന്ന  ജനസംഖ്യയുള്ള ഒരു രാജ്യത്ത് ജനകീയ ജനാധിപത്യം ( peoples democracy) പൊതുവിലെ അജ്ഞതയും അച്ചടക്ക രാഹിത്യവും മൂലം അരാജകത്വവും അസ്ഥിരതയും പിന്നോക്കാവസ്ഥയും സൃഷ്ടിക്കാൻ കാരണമായേക്കാം.
ആയതിനാൽ സാമുഹ്യ ജനാധിപത്യം ( social democracy) എന്ന വ്യവസ്ഥിതി യാണ് ഇന്ത്യക്ക് എറ്റവും അഭികാമ്യം. ഇതിൽ നിലവിലെ മൂന്ന് ഘടകങ്ങളായ legislature, judiciary, executive എന്നിവക്ക് പകരമായി legislature, judiciary, executive, public, media( including IT) എന്നിങ്ങനെ അഞ്ച് ഘടകങ്ങൾ ഭരണസംവിധനത്തിൻ്റെ ഭാഗമാകേണ്ടതുണ്ട്.
മറ്റ് സമീപ രാഷ്ട്രങ്ങളെ അപേക്ഷിച്ച് നാം ഏറെ മുന്നിലാണ് എന്നത് ഇനിയും ബഹുദൂരം മുന്നേറാനുള്ള നമ്മുടെ സാധ്യതക്ക് തടസ്സമാകരുത്. മറ്റുള്ളവർക്ക് മാതൃക ആകുംവിധം സമ്പന്നരേയും, പ്രതിഭകളെയും പൊതുജനത്തെയും ഒന്നുപോലെ ചേർത്ത് പിടിച്ചുകൊണ്ട് രാഷ്ട്ര പുനർനിർമാണവും സ്വാശ്രയ - സ്വാലംബി പദ്ധതികളും ആവിഷ്കരിച്ചു ഭാരതത്തെ സമ്പൂർണ്ണ ദാരിദ്ര മുക്ത, വികസിത രാഷ്ടമാക്കി വികസന - ശാസ്ത്ര - സങ്കേതിക ഉയരങ്ങൾ കീഴടക്കാൻ നാം ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.
ഇവിടെ നമുക്കു വേണ്ടത് സ്വാഭിമാനത്തോടെ, സഹവർത്ഥിതത്തോടെ തല ഉയർത്തി  തുല്യ പരിഗണനയിലും അവസരത്തിലും ഏകോതര സഹോദരങ്ങളെപോലെ നന്മയിൽ ജീവിക്കാനുള്ള സ്വതന്ത്രമാണ്. അതിലേക്കുള്ള ചവിട്ടുപടിയാകട്ടെ വിദേശാധിപത്യത്തിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര ദിനാചരണത്തിൻ്റെ ഈ സുവർണ്ണ നിമിഷങ്ങൾ എന്ന് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം, പരസ്പരം ആശംസിക്കാം.

 

Dr. V Sajikumar
Mobile: +91 9496343834