
സമഗ്ര ശിക്ഷാ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായി യു.പി., എച്ച്. എസ്. വിഭാഗങ്ങളിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്ട്രീം എക്കോസിസ്റ്റം. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തുന്ന " വൈദ്യുതി ദൗർലഭ്യവും പരിഹാരവും"എന്ന പ്രോജക്ടുമായി ബന്ധപ്പെട്ട ഏകദിന ശില്പശാല 30/ 01/ 2025 രാവിലെ 10 മണിക്ക് സ്ട്രീം ഹബ് സ്കൂൾ ആയ ജിഎച്ച്എസ്എസ് ചേരാനല്ലൂരിൽ വെച്ച് നടന്നു. ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് കോതമംഗലം, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്നുമുള്ള റിട്ടയേഡ് അദ്ധ്യാപകൻ നടരാജൻ ക്ലാസിന് നേതൃത്വം നൽകി. പാഠഭാഗവുമായി ബന്ധപ്പെട്ട യഥാർത്ഥ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുകയും ഗവേഷണ പഠനത്തിലൂടെ ക്ലാസ് മുറിക്ക് പുറത്തേക്കുള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് പ്രോജക്ടിന്റെ ലക്ഷ്യം. പെരുമ്പാവൂർ ബി. ആർ സി യുടെ കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 26 കുട്ടികളാണ് പ്രോജക്ടിന്റെ ഭാഗമായത്. വൈദ്യുതി തടസ്സം നേരിടുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് എങ്ങനെയെല്ലാം പരിഹാരം കണ്ടെത്താം എന്ന് സർവ്വേയിലൂടെ കുട്ടികൾ കണ്ടെത്തി ക്രോഡീകരിച്ച ആശയങ്ങൾ പങ്കുവയ്ക്കുകയും അതിന്റെ അടിസ്ഥാനത്തിൽ എൽ.ഇ.ഡി എമർജൻസി ബൾബ് നിർമ്മാണത്തിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്തു. വൈദ്യുതി ലഭ്യമല്ലാത്ത സമയങ്ങളിൽ ഓട്ടോമാറ്റിക്കായി പ്രകാശിക്കുന്ന എൽ
ഇ.ഡി എമർജൻസി ബൾബുകൾ ആണ് കുട്ടികൾ സ്വന്തമായി നിർമ്മിച്ചത്.കുട്ടികൾ സ്വയം നിർമ്മിച്ച എൽഇഡി എമർജൻസി ബൾബുകൾ വളരെ അഭിമാനത്തോടുകൂടി പെരുമ്പാവൂർ ബി.പി.സി മീന ജേക്കബിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. ജി.എച്ച്.എസ്.എസ് ചേരാനെല്ലൂർ സ്കൂളിലെ പ്രഥമാധ്യാപിക സിജി സി എം, ട്രെയിനർമാരായ ടിന്റു സെബാസ്റ്റ്യൻ, സിമി കെ.എസ്
എന്നിവർ സന്നിഹിതരായിരുന്നു.