
നെടുമ്പാശ്ശേരി : അമേരിക്കയിൽ നിന്നുള്ള രണ്ട് എം.എച്ച് 60 ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ കൂടി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കൊച്ചിയിൽ എത്തി . ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹെലികോപ്റ്ററുകളെ നാവികസേന അധികൃതരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 24 എം.എച്ച് 60 ആർ മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് 2020 ഫെബ്രുവരിയിലാണ് യുഎസ് ഗവൺമെന്റുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടത്. ഇതിൽ മൂന്ന് ഹെലികോപ്റ്ററുകൾ 2021 ൽ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇവ നാവികസേന പരിശീലനത്തിനായി ഉപയോഗിച്ചു വരികയാണ്. ഈ ശ്രേണിയിലെ ഒരു ഹെലികോപ്റ്റർ കൂടി അടുത്ത ഓഗസ്റ്റ് 22 ന് എത്തും. 2025 ഓടെ 24 ഹെലികോപ്റ്ററുകളും കൈമാറണമെന്നാണ് കരാർ. അത്യാധുനിക ശേഷിയുള്ള ഹെലികോപ്റ്ററുകൾ സ്വന്തമാകുന്നതോടെ മേഖലയിലെ ഭീഷണികൾ നേരിടാൻ ഇന്ത്യൻ നാവിക സേനയ്ക്ക് കൂടുതൽ കരുത്ത് പകരും. 240 കോടി ഡോളറിന്‍റെ സൈനിക ഇടപാടാണ് ഇന്ത്യ യു.എസുമായി ഒപ്പ് വച്ചിരിക്കുന്നത്. അമേരിക്കയുടെ വിദേശ സൈനിക വിപണന പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ ഹെലികോപ്റ്ററുകൾ നൽകുന്നത്. അന്തർവാഹിനികളെയും കപ്പലുകളെയും കണ്ടെത്താനും ആക്രമിക്കാനും കഴിയുന്ന ഈ ഹെലികോപ്റ്ററുകൾ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാനാവും. ഇതിൽ പുതിയ ഉപകരണങ്ങളും ആയുധങ്ങളും ഘടിപ്പിക്കാനും കഴിയും.