
കാലടി - മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിൽപ്പെട്ട ഇല്ലിത്തോട് ഭാഗത്ത് ഇന്ന് വെളുപ്പിന് കാട്ടാനകൾ കൂട്ടമായി എത്തി. ഇല്ലിത്തോട്ടിലുള്ള സാജു എന്നയാളുടെ പുരയിടത്തിലെ ആഴം കുറഞ്ഞ കിണറ്റിൽ കുട്ടിയാന വീണു .വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പടക്കവും മറ്റും പൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ അകറ്റാൻ ശ്രമിച്ചെങ്കിലും കുട്ടിയാന കിണറ്റിൽ കിടക്കുന്നതിനാൽ ആനക്കൂട്ടം പിരിഞ്ഞു പോകാൻ തയ്യാറായില്ല.കുറെ നേരത്തെ ശ്രമ മഫലമായി പിടിയാനയൊഴികെ ആനക്കൂട്ടം കുറച്ചു മാറി.എങ്കിലും പിടിയാന കിണറടിച്ച് കുട്ടിയാനയെയും രക്ഷിച്ചു കൊണ്ടാണ് പോയത്.ഈ സമയമെല്ലാം മുപ്പതോളം വരുന്ന ആനക്കൂട്ടം പരിസരപ്രദേശങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി നിലകൊണ്ടു. ഇതേ തുടർന്ന് ഇല്ലിത്തോട് ഭാഗത്തേക്കുള്ള ഗതാഗതം ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടച്ചുകൊണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുകയുണ്ടായി .
വനം വകുപ്പ്മന്ത്രിക്ക് വളരെ മനോഹരമായ കാഴ്ചയാണ് ഇതെങ്കിലും നാട്ടുകാർക്ക് സമാധാനമായി ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും, ഈ വിഷയത്തിൽ അടിയന്തരമായി ശാശ്വത പരിഹാരം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഘടിച്ച് എത്തിയ നാട്ടുകാർ ഉന്നത ഉദ്യോഗസ്ഥന്മാർ സംഭവസ്ഥലത്ത് എത്തിച്ചേർന്ന് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോറസ്സു ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കുകയുണ്ടായി.കാട്ടാനക്കൂട്ടം നിരന്തരമായി നാട്ടിലിറങ്ങുന്നത് അങ്കമാലി എംഎൽഎ ശ്രീ റോജി എം ജോൺ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയും വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയുമുണ്ടായി. ഇല്ലിത്തോട് മുളങ്കുഴി പ്രദേശങ്ങളിൽ സ്ഥിരമായി ആന ഇറങ്ങുന്ന വിഷയം സംസാരിക്കാൻ ചെന്ന നാട്ടുകാരോട് ഫോറസ്റ്റ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചത് ജനങ്ങൾക്കിടയിൽ വൻപ്രതിഷേധത്തിനിടയാക്കി. ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് നിരന്തരമായി ഈ മേഖലയിൽ ഉണ്ടാകുന്ന വന്യജീവികളുടെ ഉപദ്രവത്തിൽ നിന്നും നാട്ടുകാരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ കോടനാട് ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുകയുണ്ടായി.
അടിയന്തരമായി പ്രശ്നപരിഹാരത്തിന് വനം വകുപ്പും സർക്കാരും തയ്യാറായില്ലെങ്കിൽ അതിശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ ആണ് നാട്ടുകാരുടെ തീരുമാനം.
റിപ്പോർട്ടർ: സാജു തറനിലം