Mission News
Mission News
Friday, 14 Jun 2024 18:00 pm
Mission News

Mission News

 

_ഭരത് കൈപ്പാറേടൻ_ 

ന്യൂദില്ലി :  ഭാരതീയ ജനതാ പാർട്ടിയുടെ പുതിയ ദേശീയ അധ്യക്ഷയായി  സ്മൃതി  ഇറാനിയോ അനുരാഗ് താക്കൂറോ നിയമിക്കക്കപ്പെടുമെന്ന  അഭ്യൂഹം ശക്തമാകുന്നു. 

നിലവിൽ അധ്യക്ഷനായ ജെപി നദ്ദ മോഡി മന്ത്രിസഭയിൽ  വലിയ ഉത്തരവാദിത്തമുള്ള അംഗമായി മാറിയതിനാൽ പാർട്ടിക്ക്  പുതിയ ദേശീയ അധ്യക്ഷനെ  കണ്ടത്തേണ്ടതുണ്ട്. ആരോഗ്യം,  കുടുംബക്ഷേമം, രാസവളം എന്നിങ്ങനെ ഭാരിച്ച ജോലിഭാരമുള്ള വകുപ്പുകളുടെ ചുമതലയാണ് നദ്ദക്കു നൽകിയിരിക്കുന്നത്. 

2019-ൽ, പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റായിട്ടാണ് നദ്ദ ആദ്യം നിയമിതനായത്.  തുടർന്ന് 2020 ജനുവരിയിൽ മുഴുവൻ സമയ പ്രസിഡൻ്റായി സ്ഥാനക്കയറ്റം ലഭിച്ചു. 

അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതൽ പുതിയ പ്രസിഡൻ്റായി ആരെ നിയമിക്കുമെന്ന്  ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. 

സ്ത്രീ വോട്ടർമാർ ജാതിയുടെയും മതത്തിൻ്റെയും അതിർവരമ്പുകൾക്കു പുറത്തുവരണമെന്നു പ്രധാന മന്ത്രി ആവർത്തിച്ചു പറയുന്ന സാഹചര്യത്തിൽ, ബിജെപി ഒരു വനിതാ പ്രസിഡൻ്റിനെ നിയമിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 അങ്ങനെയാണെങ്കിൽ  സ്മൃതി ഇറാനി ബിജെപിയുടെ  പ്രസിഡണ്ടായി നിയമിക്കപെടാൻ സാധ്യതയുണ്ട്.  അങ്ങനെ സംഭവിച്ചാൽ പാർട്ടിയുടെ ആദ്യ വനിതാ അധ്യക്ഷയാകും സ്മൃതി ഇറാനി.

റായ് ബറേലിയിൽ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പൊതുവെ  കരുതിയിരുന്നു. എന്നാൽ തെരെഞ്ഞെടുപ്പിൽ തോറ്റവരെ പരമാവധി ഒഴിവാക്കണം എന്നായിരുന്നു മോഡി-അമിത് കൂട്ടുകെട്ടിന്റെ തീരുമാനം. സ്മൃതി ഇറാനിക്കു , പകരം ജാർഖണ്ഡിൽ നിന്നുള്ള ബിജെപി ഒബിസി നേതാവ് അന്നപൂർണാ ദേവിയെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയായി നിയമിക്കുകയും ചെയ്‌തു. 

തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി 33 സീറ്റുകളിലേക്കു കൂപ്പുകുത്തിയതും  സമാജ്‌വാദി പാർട്ടി  37 സീറ്റുകൾ നേടിയതും  പാർട്ടിയുടെ പാർലമെന്റ് സങ്കല്പങ്ങളെ പാടെ തകർത്തുകളഞ്ഞു. ക്ഷേത്രനഗരമായ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽപോലും  ബിജെപിക്ക് സമാജ്‌വാദി പാർട്ടിയുടെ മുന്നിൽ  അടിതെറ്റി. 

കൂടാതെ, കോൺഗ്രസിൻ്റെ കിഷോരി ലാൽ ശർമ്മയ്‌ക്കെതിരെ സ്മൃതി ഇറാനി മത്സരിച്ച അമേഠി സീറ്റും പാർട്ടിക്ക് നഷ്ടപ്പെട്ടു. 

2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഇവിടെ  രാഹുൽ ഗാന്ധിയെ ഇറാനി പരാജയപ്പെടുത്തിയതാണ്. പക്ഷേ ഇക്കുറി കടപുഴകിപ്പോയി.

19080-ൽ ബിജെപി  രൂപീകൃതമായതിനുശേഷം ഇതുവരെ ഒരു വനിതാ പ്രസിഡൻ്റിനെ പാർട്ടി നിയമിച്ചിട്ടില്ല. 

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയായിരുന്നു പാർട്ടിയുടെ ആദ്യ അധ്യക്ഷൻ. പിന്നീട് എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, കുശാഭാവു താക്കറെ, ബംഗാരു ലക്ഷ്മൺ, ജന കൃഷ്ണമൂർത്തി, വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, അമിത് ഷാ, ജെ.പി. നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കളാണ്  പാർട്ടി അധ്യക്ഷ പദവി വഹിച്ചു പോന്നത് 

ബിജെപി അധ്യക്ഷനാകാൻ സാധ്യതയുള്ള മറ്റ് പേരുകളിലൊന്ന് മുതിർന്ന നേതാവ്  അനുരാഗ് താക്കൂറിൻ്റെ താണ് .

ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, കെ ലക്ഷ്മൺ, സുനിൽ ബൻസാൽ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഓം മാത്തൂർ, ഓം ബിർള എന്നിവരുടെ പേരും പൊതുവെ പറഞ്ഞു കേൾക്കുന്നുണ്ട്.