Mission News
Mission News
Tuesday, 11 Jun 2024 00:00 am
Mission News

Mission News

 

 

തിരുവനന്തപുരം:

 

 പാർട്ടിയർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് മുസ്ലിം ലീഗിന്റെ രാജ്യസഭാസ്ഥാനാർഥി ഹാരിസ് ബീരാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് പാർലമെന്റിലുള്ളത്. ആ ദൗത്യവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കെട്ടായാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് സംസ്ഥാനപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

പി.വി. അബ്ദുൽ വഹാബിനുപുറമേ മുസ്ലിം ലീഗിന് ഒരു രാജ്യസഭാംഗംകൂടിയാകും.

എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാൻ 2011 മുതൽ ഡൽഹി കെ.എം.സി.സി. പ്രസിഡന്റാണ്. യു.പി.എ. സർക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു.

26 വർഷമായി ഡൽഹി കേന്ദ്രീകരിച്ചാണ് ഹാരിസിന്റെ പ്രവർത്തനം. ഓൾ ഇന്ത്യ ലോയേഴ്സ് ഫോറം ദേശീയ കൺവീനറാണ്. കപിൽ സിബലിനെപ്പോലുള്ള മുതിർന്ന അഭിഭാഷകരോടൊപ്പം യു.എ.പി.എ. ദുരുപയോഗത്തിനെതിരായ നിയമയുദ്ധത്തിൽ പങ്കാളിയായി. ലീഗിന്റെ പേര് മാറ്റണമെന്ന ഹർജി, മുത്തലാഖ് ബിൽ, ഹിജാബ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും ഇടപെട്ടു. ഡൽഹി കെ.എം.സി.സി. പ്രസിഡന്റുകൂടിയാണ്.

 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സാന്ത്വനമെത്തിക്കാനും മുന്നിട്ടിറങ്ങി.

 


 *എം.എസ്.എഫിലൂടെ വന്നു* 


എം.എസ്.എഫിലൂടെയാണ് ഹാരിസ് സംഘടനാ രംഗത്തെത്തിയത്. എറണാകുളം മഹാരാജാസ് കോളേജിൽ എം.എസ്.എഫ്. യൂണിറ്റ് പ്രസിഡന്റായി. എറണാകുളം ലോ കോളേജിലും എം.എസ്.എഫിൽ പ്രവർത്തിച്ചു. 1998 മുതൽ ഡൽഹിയിലാണ് പ്രവർത്തനം. ദേശീയ തലത്തിൽ മുസ്ലിംലീഗിന്റെ സംഘാടനം, ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണപ്രവർത്തനം തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനും രംഗത്തുണ്ട്. നിയമരംഗത്തെ ഇടപെടലുകൾക്ക് ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടി.

പിതാവ് അഡ്വ. വി.കെ. ബീരാൻ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും ബാബരി മസ്ജിദ്, സംവരണം തുടങ്ങി നിരവധി കേസുകളിൽ ഇടപെട്ട നിയമ വിദഗ്ധനുമാണ്. 

മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചരിത്രവിഭാഗം മേധാവിയായിരുന്നു.