
_ഭരത് കൈപ്പാറേടൻ_
ലക്നൗ : ബിജെപിയോടു മൃദു സമീപനം പുലർത്തുന്നതിന്റെ ഭാഗമായി ബിഎസ് പിയുടെ യുവ നേതാവും തീപ്പൊരി പ്രാസംഗികനും തൻ്റെ അനന്തരവനുമായ ആകാശ് ആനന്ദിനെ എല്ലാ താക്കോൽ സ്ഥജനങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള ദേശീയ പ്രസിഡൻ്റ് മായാവതിയുടെ തീരുമാനം പാർട്ടി പ്രവർത്തകരെ പാടെ നിരാശരാക്കിയ മട്ടാണ് .
കാവിപ്പാർട്ടിയുടെ രൂക്ഷവിമര്ശകനായിരുന്നു ആകാശ് ആനന്ദ്.
മെയ് 7 നു മായാവതി നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം കാൺപൂർ, കന്നൗജ്, ഉന്നാവോ, തുടങ്ങി യുപി യിലെ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണം ഏതാണ്ട് നിശ്ചലമാക്കി.
കഴിഞ്ഞ ഡിസംബർ 10 നായിരുന്നു 28 കാരനായ ആകാശ് ആനന്ദിനെ മായാവതി തൻ്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. കേവലം നാലുമാസം കൊണ്ട് ബിഎസ് പി പ്രവർത്തകരുടെ മനം കവരാനും അവർക്കു ബിജെപിക്കെതിരായ ദളിത്പക്ഷ ദിശാബോധം നൽകാനും ആകാശെന്ന തീപ്പൊരിക്കു കഴിഞ്ഞിരുന്നു.
തൻ്റെ അതിരൂക്ഷമായ രാഷ്ട്രീയ പ്രസംഗങ്ങളിലൂടെ, പ്രത്യേകിച്ച് ബിജെപിക്കെതിരായ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു ആകാശ് ആനന്ദ്.
നിലപാടുകളുടെ അഭാവം മൂലം യുപിയിൽ ബിഎസ്‌പി അഭിമുഖീകരിച്ചു വന്നിരുന്നത് ഒഴിച്ചുകൂടാനാവാത്ത തകർച്ചയായിരുന്നു. ആ മണ്ണൊലിപ്പ് തടയാനുള്ള ശ്രമത്തിൽ ഏകദേശം വിജയിച്ചു വരികയായിരുന്നു ചെറിയ കാലം കൊണ്ട് ദളിത് യുവാക്കളുടെ ഹരമായി മാറിയ ആകാശ് ആനന്ദ്.
അതുകൊണ്ടുതന്നെ മായാവതിക്കുശേഷം ആര് എന്ന ചോദ്യത്തിന് ബിഎസ് പി പ്രവർത്തകർക്കിടയിൽ ഒരുത്തരമേ ഉണ്ടായിരുന്നുള്ളു. അത് ആകാശ് ആനന്ദിന്റെ പേരായിരുന്നു. എന്നാൽ ആകാശിനെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും നീക്ക ചെയ്തുകൊണ്ടുള്ള ബെഹൻജിയുടെ പെട്ടെന്നുള്ള തീരുമാനം മറ്റു നേതാക്കൾക്ക് അനുയായികളോട് വിശദീകരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി.
ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ഒരു ജനഹിതപരിശോധനയാക്കി 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മാറ്റണമെന്ന് കഴിഞ്ഞ 12 മാസമായി പട്ടികജാതിക്കാർക്കിടയിൽ പ്രചാരണം നടത്തിവരുന്ന അംബേദ്ക്കർ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രചാരകരും ദളിത് യുവാക്കളും മായാവതിയുടെ പ്രഖ്യാപനം അമ്പരപ്പോടെയാണ് കേട്ടത്. അവർക്കിനിയും അത് വിശ്വസിക്കാനായിട്ടില്ല.
ആകാശിനെ ഒഴിവാക്കാനും ബിജെപിയോടു മൃദു സമീപനം പുലർത്താനുമുള്ള മായാവതിയുടെ തീരുമാനത്തോട് അതിരൂക്ഷമായ ഭാഷയിലാണ് നാഷണൽ കോൺഫെഡറേഷൻ ഓഫ് ദളിത് ഓർഗനൈസേഷൻ്റെ ചെയർപേഴ്‌സൺ അശോക് ഭാരതി പ്രതികരിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സാമൂഹിക നീതി, ഭരണഘടനയുടെ സംരക്ഷണം എന്നീ വിഷയങ്ങളിലാണ് പോരാട്ടം നടക്കുന്നതെന്ന് അശോക് ഭാരതി ചൂണ്ടിക്കാട്ടി.