
_ഭരത് കൈപ്പാറേടൻ_
ലക്നൗ: ബിജെപിക്ക് ഇത് എല്ലാം കൊണ്ടും കഷ്ടകാലമാണെന്നു തോന്നുന്നു. ഒരു സമയത്ത് തൊട്ടതെല്ലാം പൊന്നാക്കായിരുന്ന അവർ ഈയിടെയായി ചെന്നുപെടുന്നതെല്ലാം വലിയ അബദ്ധങ്ങളിലാണ്.
സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മത്സരിക്കുന്ന യുപിയിലെ കനൗജിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹത്തെ പ്രവർത്തകർ പൂവെറിഞ്ഞു സ്വീകരിക്കുന്ന വീഡിയോ എഡിറ്റുചെയ്ത് കല്ലെറിയുന്നതാക്കി മാറ്റിയ സംഭവം BJP വ്യാജമായി സൃഷ്ടിച്ചതാണെന്നു തെളിഞ്ഞതാണ് ഏറ്റവും ഒടുവിൽ അവർക്കു കിട്ടിയ പണി.
BJP യുടെ പ്രസ്താവനകളും പ്രചരണായുധങ്ങളും ഇതു പോലെ വ്യാജമാണെന്നും അവയൊന്നും വിശ്വസിക്കരുതെന്നുമുള്ള ക്യാമ്പയിനുമായി ഇന്ത്യാ മുന്നണി തിരിച്ചടിച്ചതോടെ യുപിയിൽ ബിജെപി മുഖം നഷ്ടപ്പെട്ട സ്ഥിതിയിലായി.
കനൗജിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അഖിലേഷിനു നേരെ ആളുകൾ പൂക്കളും പൂമാലകളും എറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്ത്യാ മുന്നണി പ്രവർത്തകർ വ്യാപകമായി ഷെയർ ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ' സമാനമായ പശ്ചാത്തലത്തിൽ ചെരുപ്പെറിയുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടത് .
ആദ്യത്തെ വീഡിയോ എഡിറ്റു ചെയ്താണ് ചെരുപ്പെറിയുന്ന വീഡിയോ ഉണ്ടാക്കിയത് എന്ന സംശയം അന്നേ ബലപ്പെട്ടിരുന്നു.
എഡിറ്റു ചെയ്തിറക്കിയ വീഡിയോയെക്കുറിച്ച് അന്വേഷിക്കണമെന്നു ചൂണ്ടിക്കാട്ടി സമാജ് വാദി പാർട്ടി നേതാക്കൾ തെരെഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതികൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
തുടർന്ന് വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ ചില മാധ്യമങ്ങൾ അന്വേഷണം ആരംഭിച്ചു. പ്രചാരണത്തിനിടെ അഖിലേഷ് യാദവിനു നേരെ ആളുകൾ ചെരുപ്പെറിഞ്ഞ ഒരു സംഭവം ഒരിടത്തും റിപ്പോർട്ടു ചെയ്തതായി ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല.
അത്തരമൊരു അനിഷ്ട സംഭവം നടന്നിരുന്നെങ്കിൽ സ്വാഭാവികമായി അത് എല്ലാ വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുമായിരുന്നു.
വൈറലായ വീഡിയോ ശ്രദ്ധാപൂർവം നിരീക്ഷിച്ചപ്പോൾ അതിൽ '@vikashyadavauraiyawale' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൻറെ ഒരു വാട്ടർമാർക്ക് കാണാൻ കഴിഞ്ഞു. ആ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരഞ്ഞപ്പോൾ, പൂവെറിയുന്ന യഥാർത്ഥ വീഡിയോ ആർക്കൈവ് ലിങ്കായി മെയ് 02-ന് അയാൾ തൻ്റെ പേജിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.
വീഡിയോക്കൊപ്പം ‘ലൈവ് ഫ്രം കനൗജ്’ എന്ന അടിക്കുറിപ്പും ഉണ്ട്.
ഈ ഒറിജിനൽ വീഡിയോ ആദ്യാവസാനം തെരെഞ്ഞെങ്കിലും എവിടെയും ഷൂസുകളും വള്ളിച്ചെരുപ്പുകളും എറിയുന്നതു കാണാൻ മാധ്യമങ്ങൾക്കു കഴിഞ്ഞില്ല. അതോടെ രണ്ടാമത്തെ വീഡിയോ എഡിറ്റുചെയ്തുണ്ടാക്കിയതാണ് എന്ന് ബോധ്യമായി.
സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ 2024 ഏപ്രിൽ 27-നു പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ, അഖിലേഷ് യാദവിൻ്റെ അരികിൽ നിൽക്കുന്ന ഒരു സ്ത്രീയെക്കാണാം. അതേ സ്ത്രീ അതേ വസ്ത്രം ധരിച്ച് വൈറലായ വീഡിയോയിലും അഖിലേഷിനോടൊപ്പം നിൽക്കുന്നുണ്ട്.
ചുരുക്കത്തിൽ, അഖിലേഷ് യാദവിന് നേരെ ആളുകൾ പൂക്കളും മാലകളും എറിയുന്ന വീഡിയോ ആളുകൾ അദ്ദേഹത്തിന് നേരെ ചെരുപ്പെറിയുന്നതായി തെറ്റായി എഡിറ്റുചെയ്തുണ്ടാക്കിയതാണ് എന്ന ഇന്ത്യാ മുന്നണിയുടെ വാദം ശരിയാണെന്നു തെളിഞ്ഞു.
ഈ സംഭവം ബിജെപിക്കെതിരെ യുപിയിലാകെ ആയുധമാക്കുകയാണ് ഇന്ത്യാ മുന്നണി. BJP മുന്നണിയുടെ ഓരോ പ്രചാരണായുധങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയും വലിയ തോതിൽ ചോദ്യചെയ്യാൻ ഇത് ജനങ്ങളെ പ്രേരിപ്പിച്ചാൽ അത്ഭുതപ്പെ അടേണ്ടതില്ല.