Mission News
Mission News
Thursday, 11 Apr 2024 18:00 pm
Mission News

Mission News

 

_ഭരത് കൈപ്പാറേടൻ_ 

മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) മേധാവിയും അന്തരിച്ച ബാൽ താക്കറെയുടെ അനന്തിരവനുമായ രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎ  സഖ്യത്തിനും പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് നിരവധി ഭാരവാഹികൾ പാർട്ടിയിൽ നിന്നു രാജിവച്ചു.

2019 ൽത്തന്നെ  പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ എംഎൻഎസും  രാജ് താക്കറെയും  നിലപാട് സ്വീകരിച്ചിരുന്നതായി രാജിവെച്ച പാർട്ടി ജനറൽ സെക്രട്ടറി കീർത്തികുമാർ ഷിൻഡെ ചൂണ്ടിക്കാട്ടി.

അഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ, രാജ്യചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷത്തിൽ പാർട്ടിയിൽ ചർച്ച ചെയ്യുക പോലും ചെയ്യാതെ രാജ്താക്കറെ തൻ്റെ രാഷ്ട്രീയക്കുപ്പായം മാറ്റി. അദ്ദേഹം എത്ര വലിയ തെറ്റാണു ചെയ്തതെന്നു ജനം വിധിയെഴുതും,  കീർത്തികുമാർ ഷിൻഡെ പറഞ്ഞു

ഇന്നത്തെ കാലത്ത് നേതാക്കൾ അവർക്കാവശ്യമുള്ള രാഷ്ട്രീയ വേഷങ്ങൾ അപ്പപ്പോൾ മാറ്റിദ്ധരിക്കുന്നത് പതിവാണ്. എന്നാൽ അവരെ വിശ്വസിച്ചു പിന്നാലെ നടക്കുന്ന പോരാളികളായ പാർട്ടി പ്രവർത്തകരെ അതു  മാനസികമായി തകർത്തു കളയുമെന്ന് ആരും മറക്കരുത്.

ചൊവ്വാഴ്ച നടന്ന മറാത്തി പുതുവർഷ ദിനറാലിക്കിടയിൽ, പ്രധാനമന്ത്രി മോദിക്കും ബിജെപി, ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിൻ്റെ  എൻസിപി എന്നിവയുൾപ്പെട്ട സഖ്യത്തിനും അപ്രതീക്ഷിതമായി രാജ്‌ താക്കറെ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2006-ൽ ശിവസേനയിൽ നിന്ന് രാജ് താക്കറെ പുറത്താക്കപ്പെട്ടതിനെ തുടർന്ന്  രൂപീകൃതമായ പാർട്ടിയാണ് എംഎൻഎസ്.  തീപ്പൊരി പ്രസംഗത്തിന് പേരുകേട്ട പാർട്ടി അദ്ധ്യക്ഷൻ രാജ് താക്കറെ 2019-ലെ തെരെഞ്ഞെടുപ്പുകാലത്ത്  മോദിയുടെ നയങ്ങളെ കടന്നാക്രമിച്ച് കടുത്ത വിമർശകനങ്ങൾ ഉന്നയിച്ചിരുന്നു .

എന്നാൽ അഞ്ചു വർഷത്തിനുശേഷം ഇക്കഴിഞ്ഞ ദിവസം പാർട്ടിയിൽ കൂടിയാലോചന നടത്താതെ  ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം ഏകപക്ഷീയമായി മോദിക്കു  പിന്തുണ പ്രഖ്യാപിച്ചു.
ഇതാണ്  പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്.

കീർത്തികുമാർ ഷിൻഡെക്കു പുറമെ പാർട്ടിയുടെ  പ്രമുഖ പ്രചാരകനായ മിഹിർ ദാവ്‌തെയും മുംബൈയിലെയും പുനെയിലേയും സംസ്ഥാനത്തെമ്പാടുമുള്ള യുവജന-വിദ്യാർത്ഥി വിഭാഗം ഭാരവാഹികളും താക്കറെയുടെ പൊരുത്തമില്ലാത്ത നിലപാടുകൾ ചൂണ്ടിക്കാട്ടി പാർട്ടി വിട്ടിട്ടുണ്ട് .