Mission News
Mission News
Thursday, 11 Apr 2024 18:00 pm
Mission News

Mission News

 


    കാലടി : എം സി റോഡിൽ 
രണ്ടാഴ്ചയിലേറെയായി  തുടരുന്ന  കാലടിയിൽലെ   ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ സ്വകാര്യ ബസുകൾക്ക് ഒറ്റ ദിവസം പോലും ട്രിപ്പുകൾ പൂർത്തീകരിച്ച് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

     കാലടിയിൽ അനുഭവപ്പെട്ടിരുന്ന ഗതാഗത സ്തംഭനം ഇപ്പോൾ മറ്റൂർ ജംഗ്ഷനിലും പതിവായി. ഈസ്റ്റർ, റംസാൻ ആഘോഷങ്ങളും മലയാറ്റൂർ തിരുനാളും കഴിഞ്ഞിട്ടും കാലടിയും പരിസരപ്രദേശങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനക്കൾ നിശ്ചലമാകുന്നു. 

       എം സി റോഡിൽ മരോട്ടിച്ചുവട് മുതൽ ഒക്കൽ വരെയുള്ള അഞ്ച് കിലോമീറ്ററില്‍  കുരുങ്ങിക്കിടക്കുന്ന വാഹനങ്ങൾക്ക് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കടന്നു പോകാൻ കഴിയുന്നത്. ഇതിനിടയിൽ ഏറെ സമ്മർദ്ദത്തിലാണ് സ്വകാര്യബസ് മേഖല മുന്നോട്ടുപോകുന്നത്.

     മറ്റൂർ  ജംഗ്ഷനിലും കാലടി ടൗൺ ജംഗ്ഷനിലും പോലീസിന്റെ മേൽനോട്ടത്തിൽ പരിചയസമ്പന്നരായ വാർഡൻമാരെ  നിയോഗിക്കുന്നതിലുള്ള വീഴ്ചയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണം. ഇതിനുപുറമേ റോഡിന്റെ  ഇരുവശ ങ്ങളിലെ  അനധികൃത പാർക്കിംഗും കൂടിയാകുമ്പോൾ കുരുക്ക് വർദ്ധിക്കും.

      സമയനിഷ്ട പാലിക്കേണ്ട ബസുകൾക്ക് ഗതാഗതക്കുരുക്കുമൂലം ഗ്രാമപ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകൾ സ്ഥിരമായി റദ്ദാക്കേണ്ടിവരുന്നത് യാത്രക്കാരുമായി തർക്കങ്ങൾക്ക് ഇടയാകുന്നു.ഇപ്രകാരം ട്രിപ്പുകൾ റദ്ദാക്കേണ്ടി വരുന്നതും ചൂട് വർധിച്ചതിനാൽ യാത്രക്കാരുടെ ഗണ്യമായ കുറവും മൂലം ബസ് ഉടമകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനു പുറമേ കുരുക്കിൽപ്പെട്ടതിനാൽ ഉണ്ടായ സമയ നഷ്ടം പരിഹരിക്കുവാൻ ഡ്രൈവർമാർ  അമിതവേഗത എടുക്കാൻ നിർബന്ധിതരാകുന്നു. ഇത് റോഡ്അപകടങ്ങൾക്കും കാരണമാകുന്നു.

       സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനം താളം തെറ്റുന്നത് വലിയ പ്രതിസന്ധിക്ക് പരിഹാരം വേണമെന്ന് ബസുടമ അസോസിയേഷൻ പ്രസിഡന്റ്  എ. പി ജിബി, സെക്രട്ടി ബി.ഒ ഡേവിസ് എന്നിവർ വാർത്താ കുറുപ്പിൽ പറഞ്ഞു.