
മലയാറ്റൂർ മലയാറ്റൂർ സെൻ്റ് തോമസ് പള്ളിയിൽ വിശുദ്ധ വാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന തിരുകർമ്മങ്ങൾ മലയാറ്റൂർ സെൻറ് തോമസ് ഹൈസ്കൂളിൽ ആരംഭിച്ച് ദേവാലയത്തിൽ വിശുദ്ധ ബലിയോട് കൂടി നടത്തി. ഓശാന തിരുകർമ്മങ്ങൾക്ക് മലയാറ്റൂർ ഇടവക മുൻവികാരി ഫാ. തോമസ് പൈനാടത്ത് നേതൃത്വം നൽകി. കുരുത്തോല വെഞ്ചിരിപ്പ്, കുരുത്തോല വിതരണം, ദേവാലയത്തിലേക്ക് പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവയിൽ ഇടവക ജനങ്ങളുടെയും തീർത്ഥാടകരുടെയും വലിയ പങ്കാളിത്തം തന്നെ ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് മലയാറ്റൂർ ഇടവക വികാരി ഫാദർ ജോസ് ഒഴലക്കാട്ട് മേൽനോട്ടം വഹിച്ചു. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും ഓശാന തിരുകർമ്മങ്ങൾ നടത്തപ്പെടുകയുണ്ടായി. രാവിലെ ആറുമണിക്ക് നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് ഫാദർ ലിനേഷ് മുലപ്പറമ്പിൽ സി എം ഐ നേതൃത്വം നൽകി. ഓശാന ഞായർ അനുബന്ധിച്ച് കുരിശുമുടി കയറാനും പരിഹാരമനുഷ്ഠിക്കാനും ജനങ്ങളുടെ വൻതിരക്കും അനുഭവപ്പെട്ടു. ഒറീസയിൽ നിന്ന് വന്ന വിശ്വാസികളുടെ കുരിശുമുടികയറ്റവും ഉണ്ടായിരുന്നു.