Mission News
Mission News
Monday, 29 Jan 2024 18:00 pm
Mission News

Mission News

 

 കേരളത്തിലെ തീരദേശ ജനതയ്ക്ക് വീട് നിർമ്മാണത്തിന് സഹായകമായ ഭേദഗതികൾ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടും അത് കേരളത്തിൽ നടപ്പിലാക്കാതെ തടഞ്ഞു വച്ചിരിക്കുന്ന കേരളതീരദേശ പരിപാലന അതോറിറ്റിയുടെ നിയമവിരുദ്ധ നടപടിക്കെതിരെ CRZ  ആക്ഷൻ കൌൺസിൽ സംഘടിപ്പിക്കുന്ന 
"നിരാഹാര സത്യാഗ്രഹ സമരം"
2024 ജനുവരി 31 ബുധനാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എടവനക്കാട്  വില്ലേജ് ഓഫീസിന് മുന്നിൽ 
കേരളത്തിലെ തീരദേശ ജനതയുടെ ക്ഷേമത്തിനും തീരപ്രദേശം സംരക്ഷിക്കുന്നതിനുമായി 1991 ൽ നിലവിൽ വന്ന തീരദേശ പരിപാലന നിയമത്തിന്റെ തിക്ത ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത് മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും ദിവസവേതനക്കാരും അടങ്ങിയ തീരദേശ ജനത തന്നെയാണ്. 2011ലും 2019 ലും തീരദേശ പരിപാലന നിയമത്തിന്റെ പരിഷ്കരിക്കപ്പെട്ട വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.
 2011 ജനുവരി ആറിന് പ്രസിദ്ധീകരിക്കപ്പെട്ട വിജ്ഞാപനപ്രകാരം ഉള്ള മാർഗനിർദ്ദേശങ്ങളാണ് കേരളത്തിൽ ഇപ്പോഴും പിന്തുടരുന്നത്.  കാര്യമായ ഇളവുകളോടെ 2019 ജനുവരി 18ന് പുതുക്കിയ CRZ വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെങ്കിലും കേരളത്തിൽ അത് നടപ്പാക്കാനായി പ്രാഥമികഘട്ടമായ കരട് മാപ്പ് പ്രസിദ്ധീകരണവും പബ്ലിക് ഹിയറിങ്ങും പൂർത്തിയായത് 2023 ജൂൺ മാസത്തിലാണ്. നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രസിദ്ധീകരിക്കപ്പെട്ട കരടു മാപ്പിൽ മുപ്പത്തയ്യായിരത്തോളം ആക്ഷേപങ്ങൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ആക്ഷേപങ്ങൾ മനസ്സിലാക്കി വേണ്ട തിരുത്തലുകൾ നടത്തി ഫൈനൽ മാപ്പിന് കേന്ദ്രസർക്കാറിന്റെ അനുമതി വാങ്ങിയാൽ മാത്രമേ 2019ലെ നിയമം കേരളത്തിൽ പ്രാബല്യത്തിൽ വരികയുള്ളൂ.  കേരളത്തിൽ നിലവിലിരിക്കുന്ന 2011ലെ നിയമപ്രകാരം വേലിയേറ്റ രേഖ (HTL) കണക്കാക്കുന്നത് കൃഷിയിടങ്ങൾ,ചെമ്മീൻ കെട്ടുകൾ, തോടുകൾ, പുഴ, കായൽ മുതലായവയുടെ വരമ്പുകളിൽ ആണ്.  ഈ വരമ്പുകളിൽ നിന്ന് 50 മീറ്റർ ദൂരം (കേരളത്തിലെ കായൽ ദ്വീപുകൾക്ക് കിട്ടുന്ന പ്രത്യേക പരിഗണന വെച്ച്) നിർമ്മാണ നിരോധിത മേഖലയായാണ് കണക്കാക്കുന്ന ത്.  ഈ 50 മീറ്റർ പരിധിയിൽ നിലവിലുള്ള പഴയ വീടുകൾക്ക് അത്രയും തന്നെ പ്ലിന്ത് ഏരിയയിൽ പുതുക്കിപ്പണിയാൻ മാത്രമാണ് അനുമതി നൽകിക്കൊണ്ടിരിക്കുന്നത്. പുതിയ വീടുകൾക്ക് ഈ 50 മീറ്റർ പരിധിയിൽ നിർമ്മാണത്തിന് അനുമതി നൽകുന്നില്ല. കെട്ടിട നിർമ്മാണത്തിനായി സമർപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് അപേക്ഷകളാണ് കേരളത്തിലെ പത്തോളം ജില്ലകളിലായി ഇതുവരെ നിരസിക്കപ്പെട്ടിട്ടുള്ളത്.
2020 മെയ് 1ന്  പ്രസിദ്ധീകരിച്ച സുപ്രധാന CRZ ഭേദഗതി S. O. No.  1422(E ) :- 
 2011ലെ നിയന്ത്രണങ്ങൾ മൂലം നിരവധി കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയിൽ വീട് പണിയാൻ സാധിക്കുന്നില്ല എന്നതും,  കൂടുതൽ ഇളവുകളുള്ള 2019 ലെ പുതിയ നിയമം നടപ്പാക്കുന്നതിൽ സംസ്ഥാന തീരദേശപരിപാലന അതോറിറ്റി വരുത്തുന്ന കാലതാമസവും മനസ്സിലാക്കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2020 മെയ് 1ന് ഒരു സുപ്രധാന ഭേദഗതി പുറത്തിറക്കി. 2011ലെ നിയമത്തിലെ രണ്ടാം ഖണ്ഡികയിൽ വേലിയേറ്റ രേഖ നിർവ്വചിക്കുന്ന ഭാഗത്ത് കൂട്ടിച്ചേർത്തു വായിക്കാനുള്ള തിരുത്താണ് മേൽ ഭേദഗതി. ഇതുപ്രകാരം 1991 നു മുമ്പ് സ്ഥാപിക്കപ്പെട്ടിട്ടുള്ള ബണ്ടുകളോ തൂമ്പുകളോ ഉപയോഗിച്ച് വേലിയേറ്റത്തെ തടയുന്ന സംവിധാനങ്ങൾ ഉള്ള സ്ഥലങ്ങളിൽ വേലിയേറ്റ രേഖ കണക്കാക്കേണ്ടത് പ്രസ്തുത ബണ്ടുകളുടെയും തൂമ്പുകളുടെയും ലൈനിൽ ആകണമെന്നാണ്. കേരളത്തിൽ തീരദേശത്ത്‌ പൊക്കാളി പാടങ്ങളുടെയും ചെമ്മീൻ കെട്ടുകളുടെയും സമീപത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഇതിൻറെ ഗുണം ലഭിക്കേണ്ടതാണ്. കാരണം പൊതുവേ തീരദേശമേഖലയിൽ തൂമ്പുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് ജനവാസ മേഖലയിൽ നിന്ന് 50 മീറ്ററിൽ കൂടുതൽ ദൂരെയുള്ള പുഴയോരത്താണ്. എന്നാൽ മേൽഭേദഗതി 2020 മെയ് 5 ന് ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷവും കേരളത്തിൽ വീട് നിർമ്മിക്കാനുള്ള പെർമിറ്റിനുള്ള അപേക്ഷകൾ നിഷ്ക്കരുണം തള്ളിക്കൊണ്ടേയിരുന്നു. 2020 മെയ് 1 ലെ ഭേദഗതി നടപ്പാക്കിയാൽ വേലിയേറ്റ രേഖ കടലോരത്തേക്കും പുഴയോരത്തേക്കും മാറ്റപ്പെടുന്നതോടെ  തീരദേശ ജനതയുടെ ദീർഘകാലത്തെ പാർപ്പിട പ്രശ്നം വലിയൊരു അളവ് വരെ പരിഹരിക്കപ്പെടും. കൂടാതെ ഇന്നുവരെ യു എ നമ്പറുകൾ ലഭിച്ചിട്ടുള്ള നിരവധി വീടുകൾക്ക് സ്ഥിരം നമ്പർ ലഭിക്കാനും ഈ ഭേദഗതി നടപ്പാക്കുന്നതിലൂടെ സാധിക്കും. 2019 ലെ പുതിയ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി തയ്യാറാക്കിയ കരട് മാപ്പിന്മേൽ 2023 ജൂൺ 12ന് എറണാകുളം കടവന്ത്രയിൽ വച്ച് പബ്ലിക് ഹിയറിങ് നടത്തിയപ്പോൾ മേൽ ഭേദഗതി നടപ്പാക്കാത്തതിനെക്കുറിച്ച് മെമ്പർ സെക്രട്ടറിയുടെ മുമ്പാകെ പരാതി ഉന്നയിച്ചെങ്കിലും 2019 ലെ നിയമവും 2021 നവംബർ 26ന് വന്ന സമാനഭേദഗതിയും ചേർത്തു നടപ്പാക്കുമ്പോൾ ജനങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും എന്ന ഒഴുക്കൻ മറുപടിയാണ് മെമ്പർ സെക്രട്ടറിയിൽ നിന്ന് ലഭിച്ചത്. 2020 മെയ് ഒന്നിലെ ഭേദഗതിക്ക്  2019ലെ നിയമവുമായി യാതൊരു ബന്ധവും ഇല്ലെന്ന വാദവും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്.  നിലവിലിരിക്കുന്ന 2011ലെ നിയമത്തിൽ അനുവദിക്കേണ്ട ആനുകൂല്യം മൂന്നുവർഷത്തിലധികമായി വൈകിപ്പിക്കുന്നതിലൂടെ തീരദേശ ജനതയോട് തികഞ്ഞ നീതി നിഷേധമാണ് കേരള തീരദേശ പരിപാലന അതോറിറ്റി കാണിക്കുന്നത്. ഈ വിഷയത്തിൽ ഇതുവരെ നിരവധി പരാതികളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്.  കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി മുമ്പാകെ നേരിട്ടും ബഹുമാനപ്പെട്ട  രാഷ്ട്രപതി,  ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഗവർണർ,  പ്രതിപക്ഷ നേതാവ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി,  എം എൽ എ, എം പി,  ജില്ലാ കളക്ടർ മുതലായവർ മുഖേനയും പരാതികൾ സമർപ്പിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ പ്രശ്നപരിഹാരത്തിനായി കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ഭാഗത്തുനിന്ന്  യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 2023 ജൂലൈ എട്ടിന് കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഇമെയിൽ പരാതിക്ക്  മറുപടിയായി ജൂലൈ 10 നും സെപ്തംബർ 15 നും   കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രശ്‌നപരിഹാരത്തിനായി  ആശാവഹമായ നിർദ്ദേശങ്ങൾ  മുന്നോട്ടു വച്ചെങ്കിലും അത്  നടപ്പിലാക്കാൻ കേരള തീരദേശ പരിപാലന അതോറിറ്റി ഇതുവരെ തയ്യാറായിട്ടില്ല. CRZ നിയമം മൂലം വീട് നിർമ്മാണത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ അനുകൂല ഉത്തരവ് ലഭിച്ച സ്വകാര്യ വ്യക്തിക്ക് വീട് നിർമ്മിക്കാൻ ആവശ്യമായ പെർമിറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. സി ആർ ഇസഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 2023 ഓഗസ്റ്റ് 21 ന് പ്രതിഷേധ ധർണ്ണ ഒക്ടോബർ 3 ന് കുടിൽ കെട്ടി സമരം, നവംബർ 29 ന് തെരുവിൽ അത്താഴവും കിടപ്പു സമരവുമൊക്കെ നടത്തി പ്രതിഷേധം കടുപ്പിക്കുമ്പോഴും വിഷയത്തിൽ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ മെല്ലെപ്പോക്ക് തുടരുകയാണ്.   2019 ലെ വിജ്ഞാപനപ്രകാരമുള്ള നിയമം കേരളത്തിൽ നിലവിൽ വരാൻ  കാലതാമസം നേരിടുമെന്നിരിക്കെ തീരദേശ ജനതയുടെ വീട് നിർമ്മാണം ഇനിയും തടസ്സപ്പെടുത്തുന്നത് പാവപ്പെട്ട വലിയ ഒരു ജനവിഭാഗത്തോട് ചെയ്യുന്ന അനീതിയായി മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ട് കേരള തീരദേശ പരിപാലന അതോറിറ്റി കേരളത്തിലെ പാവപ്പെട്ട ജനങ്ങളോട് കാട്ടുന്ന ക്രൂരത അവസാനിപ്പിച്ച്, 2020 മെയ് 1ലെ ഉത്തരവുപ്രകാരം തൂമ്പിൽ നിന്ന് ദൂരം അളന്ന് പുതിയ വീടുകൾക്ക് പെർമിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട്  CRZ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിരാഹാര സത്യാഗ്രഹ സമരത്തിൽ നല്ലവരായ എല്ലാ നാട്ടുകാരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


സലിഹരൻ ഇ. കെ, Mob. 9999650944 (പ്രസിഡന്റ്)
ബേസിൽ മുക്കത്ത്,  Mob. 9447327684 (സെക്രട്ടറി)
സലി കെ എസ്, Mob.  8131890779 (ട്രഷറർ)
CRZ ആക്ഷൻ കൗൺസിൽ,
എടവനക്കാട്