Mission News
Mission News
Tuesday, 23 Jan 2024 00:00 am
Mission News

Mission News

*സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് പ്രക്ഷോഭത്തിലേക്ക്*

 ഗതാഗതക്കുരുക്കു മൂലം ട്രിപ്പുകൾ പൂർത്തിയാക്കാനാകുന്നില്ല.

 അങ്കമാലി: രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് പകരം സ്വകാര്യ ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും പീഢിപ്പിക്കുകയും ചെയ്യുന്ന പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയ്ക്കെതിരെ  മറ്റൊരു മുന്നറിയിപ്പ് ഇല്ലാതെ സർവീസ് നിർത്തിവയ്ക്കുന്നത് അടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് അങ്കമാലി, കാലടി, അത്താണി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്  അസോസിയേഷൻ പ്രസിഡന്റ് ഏ.പി ജിബി, സെക്രട്ടറി ബി. ഒ.ഡേവീസ് എന്നിവർ മുന്നറിയിപ്പ് നൽകി.

 കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിലെ വിവിധ റോഡുകൾ ഉന്നത നിലവാരത്തിൽ  പുനർ നിർമ്മിക്കുന്നതിന്  മാസങ്ങളായി അടച്ചിട്ടതും കരയാംപറമ്പ് മുതൽ മൂക്കന്നൂർ, പൂതംകുറ്റി,മുന്നൂർപ്പിള്ളി റോഡ് നിർമ്മാണം കഴിഞ്ഞ 3 വർഷമായി ഇഴഞ്ഞു നീങ്ങുന്നതും അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത നിർമ്മാണവും മൂലം നിരവധി ബസ്സുകൾക്ക് ട്രിപ്പുകൾ പൂർണമായും ഓടാൻ കഴിയാത്തത് മൂലം വലിയ പ്രതിസന്ധിയിലാണ്.ഇപ്രകാരം വലിയ തോതിലുള്ള ഗതാഗത സ്തംഭനം ഉണ്ടാകുമ്പോൾ മുൻസിപ്പൽ ബസ് സ്റ്റാന്റിലേക്ക് പോകാൻ കഴിയില്ല. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ ചില ഉദ്യോഗസ്ഥർ ഭീമമായ പിഴ ചുമത്തുന്നത്  അംഗീകരിക്കാവുന്നതല്ല. നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡിസംബർ 4 ന് നഗരസഭ ചെയർമാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ എം എൽ എ, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ട്രേഡ് യൂണിയൻ, ബസ് ഉടമകൾ, ജീവനക്കാർ, വ്യാപാരികൾ തുടങ്ങി എല്ലാ വിഭാഗത്തിൽ  നിന്നുള്ള പ്രതിനിധികളുടെയും യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല.ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി ഔദ്യോഗികമായി ഉടനെ  യോഗം ചേർന്ന് ഈ തീരുമാനം  നിയമവിധേയമാക്കി  ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി. 
ക്രിസ്മസ്, പുതുവത്സര, ശബരിമല തിരക്കുകൾ എല്ലാം കഴിഞ്ഞിട്ടും ഗതാഗതക്കുരുക്ക് ഒഴിവാകാത്തത് അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കാത്തത് ഒന്നുകൊണ്ടു മാത്രമാണ്. നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ നിഷ്ക്രിയത്വം പാലിക്കുകയാണ്. ട്രാഫിക് കമ്മിറ്റികളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് പകരം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരസ്പരം പഴിചാരുന്നതാണ് തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രധാന തടസ്സം. കാലടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ കൂടുതലും  കുരുക്കിൽ ആകുന്നത് ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ഗേറ്റ് മുതലുള്ള ക്യാമ്പ് ഷെഡ് റോഡിലൂടെ വരുമ്പോഴാണ്. ഇരു ഭാഗങ്ങളിലുമുള്ള കാറുകളുടെ പാർക്കിംഗ് അങ്ങാടിക്കടവ് സിഗ്നൽ വരെയാണ്.  ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള വിവിധ നിർദ്ദേശങ്ങൾ  ബന്ധപ്പെട്ട  ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സമർപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ അവഗണിക്കുകയാണെന്ന്  അസോസിയേഷൻ കുറ്റപ്പെടുത്തി.