
കൊച്ചി: മുല്ലപ്പെരിയാർ ഡാമിൻ്റെ തകർച്ച കേരളത്തിൻ്റെ തകർച്ചയായി മാറുമെന്ന് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെൻറ് (എൻ.പി.എം) സംസ്ഥാന നേതൃയോഗം ആരോപിച്ചു.128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ ദുരവസ്ഥ ന്യൂയോർക്ക് ടൈംസ് നടത്തിയ സർവ്വേ വ്യക്തമാക്കിയിട്ടുണ്ട്.6 ജില്ലകളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറിയിരിക്കുന്ന ഈ പ്രശ്നത്തിൻ്റെ ഗുരുതരാവസ്ഥ പരിഹരിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യത്തിന് വെള്ളവും നൽകി ഈ രണ്ട് സംസ്ഥാനങ്ങളേയും സംരക്ഷിക്കുവാൻ അധികാരികൾ തയ്യാറാവണമെന്നും ഈ പ്രശ്നത്തിൽ ഇരു സർക്കാരുകളും ഇനിയും അലംഭാവം തുടർന്നാൽ ശക്തമായ സമരപരിപാടികൾ നേതൃത്വം നൽകുമെന്ന് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെൻറ് നേതൃത്വ യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ സംസ്ഥാന ചെയർമാൻ മാത്യൂ സ്റ്റീഫൻ എക്സ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.