
കൊച്ചി സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾസ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുണ്ടെന്ന് ഉറപ്പുവരുത്താൻ രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്. സിയാലിന്റെ മേൽനോട്ടത്തിൽ, എയർലൈനുകൾ, ജില്ലാ ദുരന്ത നിവാരണ സേന, ഇന്ത്യൻ നേവി, ജില്ലാ ഭരണകൂടം, എയർപോർട്ട് അതോറിറ്റി, കോസ്റ്റ്ഗാർഡ്, ജില്ലയിലെ വിവിധ ആശുപത്രികൾ തുടങ്ങി മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.
എയർ ഇന്ത്യ എക്സ് പ്രസ്സ് നൽകിയ വിമാനത്തെ ' ആൽഫ' എന്ന എയർലൈൻ ആക്കി മാറ്റി. 130 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു എന്നതായിരുന്നു സാഹചര്യം. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, ഉച്ചയ്ക്ക് 2:30 ന്, എൻജിനിൽ ‘തീപ്പിടിത്തമുണ്ടായതായി’ ക്യാപ്റ്റൻ, എ.ടി.സി യെ അറിയിച്ചു. വിമാനത്തിൽ പുക പടർന്നു. ഇതോടെ വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു. സിയാൽ അഗ്നി ശമന രക്ഷാ വിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. ഓപ്പറേഷൻസ് ഇൻ-ചാർജ് എബ്രഹാം ജോസെഫിന്റെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവരുടെ ഹെലികോപ്ടറുകൾ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിൽ പങ്കുചേരുകയും ചെയ്തു. 'അപകടത്തിൽ' പരുക്കേറ്റവരേയും കൊണ്ട് വിവിധ ആശുപത്രികളിൽ നിന്നെത്തിയ 22 ആംബുലൻസുകൾ കുതിച്ചു. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് പ്രേം എം.ജെ യുടെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ്. സുരക്ഷാ ചുമതല ഏറ്റെടുത്തു. കമാൻഡ് പോസറ്റിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അംബ്ലി ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ, ക്രൂ റിസപ്ഷൻ സെന്റർ, ഫ്രണ്ട്‌സ് & റിലേറ്റീവ്സ് റിസപ്ഷൻ സെന്റർ, റീയൂണിയൻ ഏരിയ എന്നിവയുടെ പ്രവർത്തനങ്ങൾക്കൊപ്പം മതപരമായ കൗൺസിലിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മിനിറ്റുകൾക്കകം ആരംഭിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സംഘമാണ് വിമാനത്താവളത്തിന് പുറത്തെ രക്ഷാദൗത്യം ഏകോപിപ്പിച്ചത്. മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു. "നിരവധി ഏജൻസികൾ ഉൾപ്പെടുന്ന സങ്കീര്‍ണമായ പ്രവർത്തനമാണ് വിമാനത്താവളത്തിലേത്. അടിയന്തര സാഹചര്യം ഉണ്ടായാൽ ഓരോ ഏജൻസികൾക്കും പ്രത്യേകം ദൗത്യങ്ങളുണ്ട്. അടിയന്തിര സാഹചര്യവേളയിൽ ഇവയെ അതിവേഗം ഏകോപിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും വേണം. ഓരോ വിമാനത്താവളത്തിന്റേയും രക്ഷാ സന്നാഹങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനാണ് രണ്ടുവർഷത്തിലൊരിക്കൽ ഫുൾ സ്‌കെയിൽ എമർജൻസി മോക് ഡ്രിൽ നടത്തുന്നത്. മോക് ഡ്രില്ലിനുശേഷം വിശദമായ അവലോകനം നടത്തുകയും രക്ഷാപ്രവർത്തനത്തിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തുകയും ചെയ്തിട്ടുണ്ട്", ഓപ്പറേഷൻസ് ഇൻ-ചാർജ് എബ്രഹാം ജോസഫ് പറഞ്ഞു.
സിയാൽ എമർജൻസി ടാസ്‌ക് ഫോഴ്‌സ്, കസ്റ്റംസ്, ഇമിഗ്രേഷൻ, കേരള പോലീസ്, കേരള ഫയർ ഫോഴ്‌സ്, മീറ്റിയറോളജി ഡിപ്പാർട്മെന്റ്, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, ഇന്ത്യൻ നേവി, കോസ്റ് ഗാർഡ്, ബി.പി.സി.എൽ, എയർപോർട്ട് ഹെൽത്ത് ഓഫീസ് , മെഡിക്കൽ ട്രസ്റ്റ്, ലിറ്റിൽ ഫ്‌ളവർ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ 17 ആശുപത്രികൾ, 22 ആംബുലൻസ് സർവീസുകൾ, ബി.സി.എ.എസ്, എയർപോർട്ട് അതോറിറ്റി, വിവിധ എയർലൈൻ പ്രതിനിധികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, എയർലൈൻ കോർഡിനേഷൻ കമ്മിറ്റി എന്നിവ മോക്ഡ്രില്ലിൽ പങ്കെടുത്തു. സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിന് വിവിധ ഏജൻസികളേയും ഉദ്യോഗസ്ഥരേയും സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് അഭിനന്ദിച്ചു.