Mission News
Mission News
Sunday, 03 Sep 2023 18:00 pm
Mission News

Mission News

 

കാലടി : മഴയത്ത് ചോർന്നൊലിക്കുന്ന കുടിലിൽ നിന്നും വിഷ്ണുവിനും രേഷ്മക്കും ഇനി ചോരാത്ത വീട്ടിൽ അന്തിയുറങ്ങാം. 

സംസ്ഥാന സർക്കാരിന്റെ പട്ടികജാതി ക്ഷേമ വകുപ്പ് വഴിയുള്ള സേഫ് പദ്ധതിയിലൂടെ പണി പൂർത്തീകരിച്ച വീട്ടിലാണ് ഇനി വിഷ്ണുവും കുടുംബവും രണ്ടരവയസ്സുകാരൻ മകൻ ശബരീനാഥും താമസിക്കുന്നത്

അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ ഈ കുടും ബത്തിന്റെ പണിതീരാത്ത വീടിന്റെ ദുരവസ്ഥ പട്ടികജാതി വികസന വകുപ്പ്   ജോ. ഡയറക്ടർ ജോസഫ് ജോണിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തുകയുമായിരുന്നു. പദ്ധതി പ്രകാരം ലഭ്യമായ രണ്ട് ലക്ഷം രൂപ ഉപയോഗിച്ച്  പൂർണ്ണമായും പണികൾ തീർത്താണ് ഗൃഹപ്രവേശം നടത്തിയത്. 600 ചതുരശ്ര അടിയിൽ മൂന്ന് മുറികളും, ഹാളും, ടോയ്ലറ്റും , അടുക്കളയുമുണ്ട്.   

മറ്റൂർ ചേരാമ്പിള്ളി വീട്ടിൽ കൃഷ്ണന്റെയും , മണിയുടെയും മകൻ ജനിച്ചതും, വളർന്നതും മറ്റൂർ നീലംകുളങ്ങര ക്ഷേത്രപരിസരത്തെ ഇടതുകര കനാൽ പുറംപോക്കിലെ ചെറിയകുടിലിലാണ്. ഐഎൻടിയു സിചുമട്ടുതൊഴിലാളിയായിരുന്ന അച്ഛൻ കൃഷ്ണനും, തൊഴിലുറപ്പു തൊഴിലാളിയായ അമ്മ മണിയും, ഓട്ടോറിക്ഷ ഡ്രൈവറായ വിഷ്ണുവും ചേർന്നുണ്ടാക്കിയ ചെറിയ സമ്പാദ്യം ഉപയോഗിച്ച് 2011-ൽ തുറവൂർ പഞ്ചായത്ത് നാലാം-ാം വാർഡ് യോർദ്ദനാപുരത്ത് നടവഴി മാത്രമുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങി വീടുപണി തുടങ്ങി. 10 വർഷം പിന്നിട്ടിട്ടും പണി പൂർത്തീകരിച്ച് സ്വന്തമായുള്ള ചെറിയ വീട്ടിൽ താമസിക്കാൻ ഈ ദരിദ്രകുടുംബത്തിന് കഴിഞ്ഞിരുന്നില്ല. കഴിയാതെ ബുദ്ധിമുട്ടിയപ്പോഴാണ് തങ്ങളുടെ പഴയ പിരാരൂർ വാർഡ് മെംബറായ സിജോ ചൊവ്വരാൻ ബ്ലോക്ക് ഡിവിഷൻ മെംബറായി ജയിച്ചു വരുന്നത്. തുടർന്ന് നിരന്തര ശ്രമഫലമായി  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സി എൻ വാസുദേവൻ, അക്രഡിറ്റഡ് അസി. എഞ്ചിനീയർ ശ്രീരാജ്, പ്രമോട്ടർ അജൂപ് എന്നിവർ ചേർന്ന് ഭവന പൂർത്തീകരണത്തിന് പദ്ധതി രൂപരേഖയുണ്ടാക്കി. തുറവൂർ നാലാം വാർഡ് അംഗം  സിനി സുനിലും ,  ബ്രാഞ്ച് സെക്രട്ടറി എം കെ ബാലകൃഷ്ണനും വീട് പൂർത്തീകരണ പദ്ധതിയുടെ ഓരോ ഘട്ടത്തിലും പൂർണ്ണ പിന്തുണ നൽകി.  ഒരു ദശകം പിന്നിട്ട പുതിയ വീടെന്ന സ്വപ്നത്തിന് സാക്ഷാത്കാരം നൽകിയ ഇടതുസർക്കാരിന് നന്ദി പറയുകയാണ് ഈ കുടുബം