Mission News
Mission News
Saturday, 22 Jul 2023 18:00 pm
Mission News

Mission News


നെടുമ്പാശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി കൊച്ചി എംബാർക്കേഷൻ പോയന്റിൽ നിന്നും ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കാൻ പുറപ്പെട്ടിരുന്ന 998 ഹാജിമാർ മടങ്ങിയെത്തി. ഈ മാസം 18 മുതലാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങിയത്. ഇതുവരെ മൂന്ന് സഊദി എയർലൈൻസ് വിമാനങ്ങളാണ് മദീന വിമാനത്താവളത്തിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഹാജിമാരുമായി സർവീസ് നടത്തിയത്. ആദ്യ വിമാനത്തിൽ 404 പേരും മറ്റ് രണ്ട് വിമാനങ്ങളിൽ 297 പേർ വീതവുമാണ് ഉണ്ടായിരുന്നത്. ഇന്നലെ എത്തിയ വിമാനത്തിൽ 234  വനിതകളും 63 പുരുഷൻമാരുമാരുമായി രുന്നു. മെഹ്റം ഇല്ലാതെ ഹജ്ജിന് പുറപ്പെടാൻ അനുമതി ലഭിച്ച വനിതകളായിരുന്നു ഇവർ. ഇവരോടൊപ്പം സുനിമോൾ എന്ന വനിതാ വളണ്ടിയറും ഉണ്ടായിരുന്നു. ഇവരെ വിമാനത്താവളത്തിലെ രാജ്യന്തര ടെർമിനലിൽ എയർപോർട്ട് ഡയറക്ടർ മനു. ജി, സിയാൽ ഡി.ജി.എം എബ്രഹാം ജോസഫ്,  ടി.കെ സലിം, മുസമ്മിൽ ഹാജി, എൻ.പി ഷാജഹാൻ, മുഹമ്മദ് ജസീം, ഇ.കെ കുഞ്ഞുമുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.  2268 പേരാണ് നെടുമ്പാശ്ശേരി വഴി ഈ വർഷം ഹജ്ജ് കർമം നിർവഹിക്കുന്നതിനായി യാത്രയായിരുന്നത്. ഇവരുടെ മടക്കയാത്രയ്ക്ക് ഏഴ് വിമാനങ്ങളാണ് സഊദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഹാജിമാരുമായി ഇനിയുള്ള നാല് വിമാനങ്ങൾ കൂടി അടുത്ത ദിവസങ്ങളിലായി എത്തിച്ചേരും. ഓരോ ഹാജിമാർക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽ വച്ച് വിതരണം ചെയ്തിട്ടാണ് ഹാജിമാരെ ടെർമിനലിന് പുറത്തേയ്ക്ക് ഇറക്കുന്നത്. ഇതിന് ആവശ്യമായ സംസം നേരത്തേ തന്നെ സഊദി എയർലൈൻസ് നെടുമ്പാശ്ശേരിയിൽ എത്തിച്ചിരുന്നു.
ഫോട്ടോ : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിയെത്തിയ ഹജ്ജുമ്മമാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു