
അങ്കമാലി:അങ്കമാലിലെ ബാങ്ക് ജംഗ്ഷൻ കാൽനടക്കാർക്കും വാഹനമോടിക്കുന്നവർക്കും പേടിസ്വപ്നമായ അപകട മേഖലയാണ്. ആരാധനാലയങ്ങളിൽ പോകുന്നവരും വിദ്യാർത്ഥികളും ഹൈവേ ക്രോസ് ചെയ്യുവാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. എൻഎച്ച് ലിങ്ക് റോഡ്, ബസിലിക്ക റോഡ് എന്നിവിടങ്ങളിലൂടെയുള്ള വാഹനങ്ങൾ ഹൈവേയിലേക്ക് കയറുന്നതും, യൂ ടേൺ തിരിയാൻ കാത്തുനിൽക്കുന്ന വാഹനങ്ങളും ഈ ജംഗ്ഷനിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ബസിലിക്ക റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ കാണാനാവില്ല. ഈ ജംഗ്ഷനിൽ ചെറുതും വലുതുമായ അപകടങ്ങൾ സ്ഥിരമാണ്. ഒരു അപകടത്തിൽ മാത്രം നാലു പേർ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
ഈ ജംഗ്ഷൻ അപകടരഹിതമാക്കുന്നതിന് വേണ്ട മുൻകരുതലുകൾ എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് കൗൺസിലർ ലക്സി ജോയ് കാക്കനാട് കളക്ടറേറ്റിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെൻറ്) ശ്രീമതി. സ്വപ്ന എസ്. പി. മുമ്പാകെ നിവേദനം സമർപ്പിച്ചിരുന്നു. ഇതേതുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി, മോട്ടോർ വാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലം നേരിൽ കണ്ട് പരിശോധന നടത്തി പ്രദേശവാസികളിൽ നിന്നും നിർദ്ദേശങ്ങൾ ആരാഞ്ഞു. ഈ ജംഗ്ഷൻ ബ്ലാക്ക് സ്പോട്ടായി കണക്കാക്കി അപകടങ്ങൾ ഇല്ലാതെയാക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
എൻ എച്ച് എ ഐ സൈറ്റ് എൻജിനീയർ എ. അമൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ്. ജയരാജ്, അങ്കമാലി സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ, എഎംവിഐ സജിത്ത് ടി.എസ്., വാർഡ് കൗൺസിലർ ലക്സി ജോയ്, വി.കെ. സുലേഖ, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഡാൻറി കാച്ചപ്പിള്ളി, ഹോളി ഫാമിലി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷേബി കുര്യൻ, സെൻറ് ആൻസ് കോളേജ് ചെയർമാൻ സി എ ജോർജ് കുര്യൻ പാറക്കൽ, ബസിലിക്ക ട്രസ്റ്റി പൗലോസ് അരീക്കൽ, കെ എം വർഗീസ്, എം.ഓ.ജോർജ്, വർഗീസ് പരിയാടൻ, ടി.ടി. വർഗീസ്, ജിസ് പടയാട്ടിൽ, കെ.ടി. പൗലോസ്, വർഗീസ് മുണ്ടാടൻ, വർഗീസ് അച്ചായിൽ, സ്റ്റീഫൻ മുണ്ടാടൻ, കെന്നഡി കോട്ടക്കൽ എന്നിവർ പങ്കെടുത്തു.