Mission News
Mission News
Saturday, 08 Jul 2023 18:00 pm
Mission News

Mission News

മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ മാര്‍ച്ച് സര്‍ക്കാരിന്‍റെ പരാജയം മറച്ച് വയ്ക്കാന്‍: റോജി എം. ജോണ്‍ എം.എല്‍.എ

മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡിന്‍റെ നിര്‍മ്മാണ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ പരാജയം മറച്ച് വയ്ക്കുവാനാണ് എല്‍.ഡി.എഫ് നടത്തുന്ന സമര നാടകമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പാസ്സായ ഇടക്കാല ബില്ലുകളുടെ പോലും പണം കൊടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 15 കോടിയോളം രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ കരാറുകാരന് നല്‍കേണ്ടതായിട്ടുണ്ട്. തന്‍മൂലം നിര്‍മ്മാണ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണുള്ളത്. ഭരണിപ്പറമ്പില്‍ നിര്‍മ്മിച്ച താല്‍ക്കാലിക റോഡ് വെള്ളം കയറി മുങ്ങുന്ന സാഹചര്യം ഉണ്ടായപ്പോള്‍ പുതിയ പാലം തുറന്ന് കൊടുക്കാന്‍ സജ്ജമാണെന്ന് എഞ്ചിനീയര്‍മാര്‍ അറിയിച്ചിട്ടും അത് തുറക്കാന്‍ സമ്മതിക്കാതെ തടസ്സം ചെയ്ത സി.പി.എം ഏരിയ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ തന്നെയാണ് യാത്രാ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞ് ഇപ്പോള്‍ സമര നാടകം നടത്തുന്നത്.

ദീര്‍ഘനാളത്തെ പരിശ്രമത്തിന്‍റെ ഫലമായി 98 കോടി രൂപ റീ-ബില്‍ഡ് കേരള പദ്ധതി വഴി അങ്കമാലി നിയോജകമണ്ഡലത്തില്‍ അനുവദിച്ച് കിട്ടിയപ്പോള്‍ അത് ഏതെങ്കിലും തരത്തില്‍ വിനിയോഗിക്കുക എന്നതിനപ്പുറം എല്ലാം വിഭാഗം ആളുകളുമായി സഹകരിച്ച് റോഡ് 10 മീറ്റര്‍ വീതിയിലേക്ക് വികസിപ്പിക്കുവാനുള്ള ശ്രമമാണ് നടത്തി വന്നത്. ഇതോടൊപ്പം റോഡ് പണി കഴിഞ്ഞാല്‍ കുടിവെളള പൈപ്പുകള്‍ പൊട്ടി റോഡ് കുത്തിപ്പൊളിക്കുന്ന സാഹചര്യം ഒഴിവാക്കാനായി റോഡില്‍ സ്ഥാപിച്ചിട്ടുള്ള പഴയ പൈപ്പുകള്‍ മുഴുവനും മാറ്റി പുതിയത് സ്ഥാപിക്കുവാനുമുള്ള വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതിന്‍റെ ഭാഗമായി റോഡ് നിര്‍മ്മാണത്തില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. എന്നാല്‍ റോഡ് വീതി കൂട്ടുവാനുള്ള പണം അനുവദിക്കാന്‍ സാധിക്കില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് അതുമായി ബന്ധപ്പെട്ട എം.എല്‍.എയുടെ സബ്ബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കിയത്. റോഡ് നിര്‍മ്മാണത്തിനുള്ള കാലതാമസം പരിഹരിച്ച് റോഡ് വീതി കൂട്ടുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുവാന്‍ എം.എല്‍.എയും പഞ്ചായത്ത് ജനപ്രതിനിധികളും തിരുവനന്തപുരത്ത് പോയി നിവേദനം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതിന് തയ്യാറായിട്ടില്ല. പണം കൊടുക്കാതെയും, റോഡ് വീതികൂട്ടുന്നതിന് അനുമതി നല്‍കാതെയും തടസ്സം നില്‍ക്കുന്ന സര്‍ക്കാരിന്‍റെ പിടിപ്പ് കേട് മറച്ച് വയ്ക്കാനാണ് എല്‍.ഡി.എഫ് നടത്തുന്ന ഈ സമര പ്രഹസനമെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.