
അങ്കമാലി നഗരസഭയിൽ നടത്തി വന്നിരുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി നഗരസഭാ പ്രദേശത്ത് ഒരു മാസം നീണ്ടു നിൽക്കുന്ന ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ നഗരസാഭാതല ഉദ്ഘാടനം ചെയർമാൻ മാത്യു തോമസ് നിർവ്വഹിച്ചു. കൊതുക് കൂത്താടികൾ ഉണ്ടാകുവാൻ സാധ്യതയുള്ള വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ പൂർണ്ണമായും ഇല്ലാതാക്കുന്നതിനായുള്ള വിവിധ നടപടികളാണ് പ്രതിരോധ യജ്ഞത്തിൽ കൈക്കൊള്ളുന്നത്. വീട്ടിനുള്ളിൽ വളർത്തുന്ന അലങ്കാരചെടികളുടെ ചട്ടി, ഫ്രിഡ്ജിന്‍റെ ബാക്ക് ട്രേ, വലിച്ചെറിയുന്ന ടയറുകൾ, ചിരട്ടകൾ, മുട്ടത്തോട്, പ്ലാസ്റ്റിക് ഉൽപ്പന്നനങ്ങൾ തുടങ്ങി വീട്ടുകളുടെയും സ്ഥാപനങ്ങളുടെയും അകത്തും പുറത്തുമുള്ള വിവിധയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് വീട് വീടാന്തരം കയറി പരിശോധിക്കുകയും ആയതിന്‍റെ കണക്ക് ശേഖരിയ്ക്കുകയും ആളുകളെ ബോധവൽക്കരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് ആരംഭിച്ചിട്ടുള്ളത്. അലങ്കാരത്തിനായി നിർമ്മിച്ചിട്ടുള്ള കൃത്രിമ കുളങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വളരുന്ന കൊതുക് കൂത്താടികളെ നശിപ്പിക്കുന്നതിനായി ഗപ്പി കുഞ്ഞുങ്ങളെ യജ്ഞത്തിന്‍റെ ഭാഗമായി നിക്ഷേപിച്ചു. സന്നദ്ധ പ്രവർത്തകർക്ക് കൊതുക് കടിക്കാതിരിക്കാനുള്ള ലേപനങ്ങൾ, പകർച്ചപ്പനി പകരാതിരിക്കാനുള്ള പ്രതിരോധ മരുന്നുകൾ, ജനങ്ങൾക്ക് വിതരണം ചെയ്യുവാനുള്ള ബോധവൽക്കരണ ലഘുലേഖകൾ എന്നിവയും തൊഴിലുറപ്പ് പ്രവർത്തകർക്ക് എലിപ്പനി പ്രതിരോധ മരുന്നും മഴക്കോട്ടും ഇതോടൊപ്പം വിതരണം ചെയ്യുകയുണ്ടായി. മോർണിംഗ് സ്റ്റാർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിലെ മുഴുവൻ വിദ്യാർത്ഥിനികളും ആശാ വർക്കർമാരും കുടുംബശ്രീ പ്രവർത്തകരും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരും പങ്കാളികളായുള്ള ഈ യജ്ഞം അതത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇതിനായി നഗരസഭയിൽ നിന്നും നൽകിയിട്ടുള്ള ഉപകരണങ്ങൾ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന പരിശോധനയും ഇതോടൊപ്പം നടത്തുന്നുണ്ട്. പ്രതിരോധയജ്ഞത്തിൽ പങ്കെടുക്കുന്നവർക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങൾ ഹെൽത്ത് സൂപ്രണ്ട് സാബു വിശദീകരിച്ച് നല്‍കി. പകർച്ചവ്യാധി വ്യാപനത്തിന്‍റെ ഗൗരവം മനസ്സിലാക്കി ജനങ്ങൾ വേണ്ടത്ര മുൻകരുതലുകൾ എടുക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. നഗരസഭ നൽകിയിട്ടുള്ള മാലിന്യസംസ്ക്കരണ ഉപകരണങ്ങൾ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താത്തവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിയ്ക്കുമെന്ന് ചെയർമാൻ അറിയിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാജു നെടുങ്ങാടൻ ഉദ്ഘാടനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബാസ്റ്റിൻ ഡി പാറയ്ക്കൽ , ലിസ്സി പോളി ടീച്ചര്‍ , ലില്ലി ജോയി , മുൻ ചെയർമാൻ ഷിയോ പോൾ. , എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ടി.വൈ ഏല്യാസ് , കൗൺസിലർമാരായ ഷൈനി മാർട്ടിൻ , ജിത ഷിജോയി , സിനി ടീച്ചർ. , ജാൻസി അരീയ്ക്കൽ , മോളി മാത്യു എന്നിവർ പ്രസംഗിച്ചു . വരും ദിവസങ്ങളിൽ ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ, സമുദായ സംഘടനാംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികൾ യജ്ഞത്തിൽ പങ്കാളികളാകാമെന്ന് ഉറപ്പ് നൽകിയിട്ടുളതായി നഗരസഭാ ചെയർമാൻ അറിയിച്ചു.