
*പ്രവാസി ലീഗൽ സെൽ യു.കെ. കോർഡിനേറ്ററായി അഡ്വ. സോണിയ സണ്ണി ചുമതലയേറ്റു*
ന്യൂഡൽഹി : പ്രവാസി ലീഗൽ സെൽ യു.കെ. കോർഡിനേറ്ററായി അഡ്വ. സോണിയ സണ്ണി ചുമതലയേറ്റു. നിരവധി വിദ്യാർത്ഥികളും മറ്റുമാണ് യു.കെ. യുടെ വിവിധ ഭാഗങ്ങളിലേക്കായി കുടിയേറിക്കൊണ്ടിരിക്കുന്നത്. അവരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ യു.കെ.യിലെയും ഇന്ത്യയിലെയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പ്രശ്നപരിഹാരം നടത്തുക എന്ന ശ്രമകരമായ ദൗത്യമാണ് അഡ്വ. സോണിയ സണ്ണിയെ തേടി എത്തിയിട്ടുള്ളതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം പറഞ്ഞു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിഡ് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാനടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്കനുകൂലമായി നിരവധി കോടതിവിധികൾ നേടിയെടുത്തിട്ടുള്ള സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാപ്റ്ററുകളുള്ള പ്രവാസി ലീഗൽ സെൽ ഓൺലൈൻ ആർ ടി ഐ പോർട്ടലുമായി ബന്ധപ്പെട്ട് 2023 ഏപ്രിൽ മാസത്തിൽ പ്രവാസികൾക്ക് അനുകൂലമായ നിർണായക വിധിയും നേടിയെടുത്തിട്ടുണ്ട്.