
നെടുമ്പാശേരി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വർണം പിടികൂടി.കസ്റ്റംസും ഡിആർഐയുമാണ് രണ്ട് യാത്രക്കാരിൽ നിന്നായി ഈ സ്വർണ്ണം പിടികൂടിയത്.മലപ്പുറം സ്വദേശികളായ മുഹമ്മദ് അഷ്റഫ്,മുഹമ്മദ് നസീഫ് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.അഷ്റഫിൽ നിന്നും 1812.11 ഗ്രാം സ്വർണവും,നസീഫിൽ നിന്നും 1817.93 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്.
ദുബായിൽ നിന്നെത്തിയ എഐ 934 നമ്പർ വിമാനത്തിലെ യാത്രക്കാരനായി എത്തിയ അഷ്റഫിനെ ഡിആർഐ ഉദ്യോഗസ്ഥരും, കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണ്ണം പിടികൂടിയത്. 1157.32 ഗ്രാം സ്വർണ്ണം നാല് ഗുളിക രൂപത്തിലും,654.79 ഗ്രാം സ്വർണം അടിവസ്ത്രത്തിലുമായി ഒളിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.ദുബായിൽ നിന്നും എത്തിയ എഫ്ഇസെഡ് 453 ആം നമ്പർ വിമാനത്തിൽ എത്തിയ നഫീസിൽ നിന്നും ഗ്രീൻ ചാനൽ വഴി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.ഇയാളും നാല് സ്വർണ്ണ ഗുളികകളാക്കി അടിസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കെയാണ് പരിശോധനയിൽ പിടിയിലായത്.ഇതുൾപ്പടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നെടുമ്പാശേരിയിൽ പിടികൂടിയത് രണ്ടര കോടി രൂപയുടെ സ്വർണമാണ്.