Mission News
Mission News
Saturday, 25 Mar 2023 00:00 am
Mission News

Mission News

 


സംസ്ഥാനത്തെ 9,32,898 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിനും വളരെ മുന്‍പ് തന്നെ സൗജന്യമായി യൂണിഫോമുകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇക്കുറി 4,75,242 ആണ്‍കുട്ടികള്‍ക്കും 4,57,656 പെണ്‍കുട്ടികള്‍ക്കുമാണ് യൂണിഫോം നല്‍കുന്നത്. ഇതിനായി 42.5 ലക്ഷം മീറ്റര്‍ തുണിയാണ് കൈത്തറി വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ഹാന്‍ഡ്‌വീവും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ ഹാന്‍ടെക്സും ആണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഒന്ന് മുതല്‍ നാലുവരെ ക്ലാസിലുള്ള കുട്ടികളുടെ അക്കാദമിക്ക് ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കും. എല്ലാത്തരം മത്സരപരീക്ഷകള്‍ക്കും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അക്കാദമിക് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 

അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവധികാലത്ത് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും. മുഴുവന്‍ സ്‌കൂളുകളിലെയും പി.ടി.എ പ്രസിഡന്റുമാരുടെ യോഗങ്ങള്‍ സംഘടിപ്പിക്കും. പി.ടി.എയുടെയും എം.പി.ടി.എയുടെയും പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കും. 

ലഹരിക്കെതിരെ പോരാട്ടം ശക്തമായി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിനായി അവധിക്കാലത്ത് രക്ഷകര്‍ത്താക്കള്‍ക്ക് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കും. പ്ലസ് വണ്‍ പ്രവേശനം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാകും നടത്തുകയെന്നും മന്ത്രി പറഞ്ഞു.

ഏലൂര്‍ ജി.എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഗോപീകൃഷ്ണന് യൂണിഫോം നല്‍കിയായിരുന്നു പദ്ധതി ഉദ്ഘാടനം  ചെയ്തത്. 

ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കൈത്തറി വ്യവസായത്തെ നിലനിര്‍ത്തുന്നതിന് സഹായകരമായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന കൈത്തറി യൂണിഫോം പദ്ധതിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി 469 കോടി രൂപയാണ് ചെലവഴിച്ചത്. അതില്‍ 284 കോടി രൂപയും കൈത്തറി തൊഴിലാളികള്‍ക്ക് ലഭിച്ചു. യൂണിഫോമിന് പുറമേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകവും ഈ അധ്യായന വര്‍ഷം വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്ന ചരിത്രനേട്ടം സ്വന്തമാക്കാനും സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ഏലൂര്‍ നഗരസഭ അധ്യക്ഷന്‍ എ.ഡി സുജില്‍, ഏലൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാ ബാബു,  കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, സ്ഥിരം സമിതി അധ്യക്ഷരായ പി.ബി രാജേഷ്, അംബിക ചന്ദ്രന്‍, ടി.എം ഷെനിന്‍, പി.എ ഷെറീഫ്, കൗണ്‍സിലര്‍മാരായ പി.എം അയ്യൂബ്, എസ്. ഷാജി, ഹാന്‍വീവ് മാനേജിംഗ് ഡയറക്ടര്‍ അരുണാചലം സുകുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ്, മുനിസിപ്പല്‍ സെക്രട്ടറി പി.കെ സുഭാഷ്, ഏലൂര്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എ.കെ ഷീന, പി. രുഗ്മിണി തുടങ്ങിയവര്‍ പങ്കെടുത്തു.