ബെർലിൻ കുഞ്ഞനന്തൻ നായർ വിടവാങ്ങി.

മുൻ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും മുൻ മുഖ്യമന്ത്രി ഇ.എം എസ് ന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന ശ്രീ ബെർലിൻ കുഞ്ഞനന്തൻ നായർ ( 96 )അന്തരിച്ചു.

മിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ.

ഇ.കെ നായനാര്‍ക്കൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ചരിത്രമാണ് ബര്‍ലിന്‍കുഞ്ഞനന്തന്‍ നായര്‍ക്കുള്ളത്.1935ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് കുഞ്ഞനന്തന്‍നായരും സെക്രട്ടറി ഇ.കെനായനാരുമായിരുന്നു. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1948 ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപി എമ്മിനൊപ്പം നിന്നു . 57 ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു.

1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി. സി. ഐ. ഐപിശാചും അതിന്റെ ചാട്ടുളിയുമെന്ന പേരില്‍ബര്‍ലിനെഴുതിയ അന്വേഷണാത്മക പുസ്തകം അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വ ചാര സംഘടനയായ സി. ഐ. ഐ മൂന്നാംലോക രാജ്യങ്ങളില്‍ എങ്ങനെ ഇടപെടുന്നുവെന്ന രഹസ്യം അനാവരണം ചെയ്യുന്ന പുസ്തകമായിരുന്നു അത്.

ചാട്ടുളിപോലെയുള്ള ബര്‍ലിന്റെ നിരീക്ഷണങ്ങള്‍ അക്കാലത്ത് ലോക കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചയായി മാറിയിരുന്ന. ബര്‍ലിന്‍ ഏകീകരണമെന്ന് സ്വപ്നം സാക്ഷാത്കരിച്ചതിനു ശേഷമാണ് ബര്‍ലിന്‍ ജര്‍മനിയില്‍ നിന്നും മടങ്ങിയത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കളായ പി.സി ജോഷി, എം. എന്‍ റോയ്. എസ്. എ ഡാങ്കെ തുടങ്ങി എ.കെ.ജി, ഇ. എം. എസ്, സുന്ദരയ്യ, ബി.ടി. ആര്‍, സുര്‍ജിത്ത്, ജ്യോതിബസു, ബസുവപുന്നയ്യ എന്നിങ്ങനെ നേതാക്കളുടെ വന്‍നിരയുമായി ആത്മബന്ധം തന്നെ ബര്‍ലിന്‍ പുലര്‍ത്തിയിരുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ചയും കിതപ്പും കൈവെള്ളപോലെ ഹൃദിസ്ഥമായിരുന്നു ബര്‍ലിന്. ദീര്‍ഘകാലം ഡല്‍ഹിയില്‍ പാര്‍ട്ടി പൊളിറ്റ്ബ്യൂറോയുടെ ജിഹ്വയായി പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ബര്‍ലിന്‍. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിളര്‍പ്പിനു ശേഷവും സി.പി. എം ലൈനാണ് ശരിയെന്നു വിശ്വസിക്കുകയും മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയും ചെയ്തു.

എ.കെ.ജിയായിരുന്നു ബര്‍ലിന്റെ ഏറ്റവും വലിയ ആവേശം. എ.കെ.ജിയും ഇ. എം. എസും സ്വീകരിച്ച ലൈന്‍ തന്നെയാണ് തന്റെതെന്ന് വിശ്വസിക്കുകയും സി.പി. എമ്മിനൊപ്പം അടിയുറച്ചു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ അതേ ബര്‍ലിനു തന്നെ കമ്യൂണിസ്റ്റുപാര്‍ട്ടി പി.ബിയില്‍ നിന്നും ഇറങ്ങിവന്നു സി.പി. എം രൂപീകരിച്ച ജീവിച്ചിരിക്കുന്ന അവസാനത്തെ നേതാവായ വി. എസിനൊപ്പം പാര്‍ട്ടിയിലെ വലതുവ്യതിയാനത്തിനെതിരെ പോരാടിയത് 2005-മാര്‍ച്ച്‌് 25-ന് അന്നത്തെ സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ പൊളിച്ചെഴുത്തുകള്‍ എന്ന പുസ്തകത്തില്‍ പൊയ്മുഖം വലിച്ചുകീറിയതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുംചെയ്തു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ബര്‍ലിനെ പിന്നീട് ഉള്‍പാര്‍ട്ടി സമരത്തില്‍ വി. എസ് പക്ഷം ആയുധം വെച്ചുകീഴടങ്ങിയതിനു ശേഷം 2015-ലാണ് തിരിച്ചെടുത്തത്. അപ്പോഴെക്കും ഓര്‍മക്കുറവും ആരോഗ്യശേഷികുറവും അദ്ദേഹത്തെ ബാധിച്ചിരുന്നു.


Comment As:

Comment (0)