കെഎസ്ഇബിയിൽ കെടുകാര്യസ്ഥതയും അഴിമതിയും; ബാധ്യത സാധാരണക്കാരന്റെ തലയിൽക്കെട്ടിവെക്കുന്നുവെന്ന് വി ഡി സതീശൻ

കെഎസ്ഇബിയിൽ അഴിമതിയും കെടുകാര്യസ്ഥതയും രൂക്ഷമായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ പിടിപ്പുകേട് മൂലമുണ്ടാകുന്ന ബാധ്യത സാധാരണക്കാരന്റെ തലയിൽക്കെട്ടി വെക്കുകയാണെന്നും വിഡി സതീശൻ നിയമസഭയിൽ ആരോപിച്ചു.

വൈദ്യുതി ബോർഡ് തുടർച്ചയായി അഞ്ചുകൊല്ലം ലാഭത്തിലാണെന്ന ദേശാഭിമാനി വാർത്ത പരാമർശിച്ച പ്രതിപക്ഷ നേതാവ്,

ലാഭമുണ്ടാകുമ്പോൾ ലാഭ വിഹിതം ഉപഭോക്താക്കൾക്ക് തിരിച്ചു നൽകണമെന്നും പറഞ്ഞു. കണക്കനുസരിച്ച് 40 പൈസ യൂണിറ്റിൽ കുറവ് നൽകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി നഷ്ടത്തിൽ തന്നെയാണെന്നായിരുന്നു മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം.
 സർക്കാർ ഒന്നുകിൽ ദേശാഭിമാനി വാർത്തയെ തള്ളിപ്പറയണം അല്ലെങ്കിൽ മന്ത്രിയെ തള്ളിപ്പറയണമെന്ന് വിഡി സതീശൻ പ്രതികരിച്ചു. ലാഭമുണ്ടാകുന്നുവെന്ന് ഒരുവശത്ത് അവകാശപ്പെടുകയും, അതിന്റെ ക്രെഡിറ്റ് മുഴുവൻ എടുക്കുകയും, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയതിന്റെ അക്കൗണ്ടിൽ വൈദ്യുതി ബോർഡിനെ കൂടി ഉൾപ്പെടുത്തുകയും, ആളുകളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുമ്പോൾ, ബോർഡ് നഷ്ടത്തിലാണ് പ്രതിസന്ധിയിലാണ് എന്നൊക്കെ പറയുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. "കെടുകാര്യസ്ഥത മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കുടിശിക വലിയ തുകയിലേക്ക് പോകുകയാണ്. അത് പിരിച്ചെടുത്താൽ ഇപ്പോൾ പ്രതിസന്ധിയുണ്ടെങ്കിൽ പരിഹരിക്കാൻ പറ്റും. ഇതിൽ വൈദ്യുതി ബോർഡ് ദയനീയ പരാജയമായി മാറുന്നു. കെഎസ്ഇബിയിൽ ഇത്രമാത്രം അഴിമതി നടക്കുന്ന ക്രമക്കേടുകൾ നടക്കുന്ന സമയമുണ്ടായിട്ടില്ല.

ഇതിന്റെയെല്ലാം ബാധ്യത സാധാരണക്കാരന്റെ തലയിൽ കെട്ടിവെക്കുകയാണ്. ഇതെല്ലാം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അഴിമതിക്കാരെ സഹായിച്ചു, കരാർ വിളിക്കുന്നതിലും ക്രമക്കേടുണ്ട്', വിഡി സതീശൻ ആരോപിച്ചു.


Comment As:

Comment (0)