പ്രാർത്ഥനകൾ വിഫലം മലയാളക്കരയെ കണ്ണീരിലാഴത്തി ശ്രീനന്ദ യാത്രയായി.

 

ചിക്കമംഗളൂർ: വിനോദയാത്രയ്ക്കിടെ ചിക്കമംഗളൂരിൽ വെച്ച് കാണാതായ പാലക്കാട് സ്വദേശിനിയായ പെൺകുട്ടി ശ്രീനന്ദയെ (19) മരിച്ച നിലയിൽ കണ്ടെത്തി. ചിക്കമംഗളൂർ ബാബ ബുധൻഗിരി വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് 4 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്..

പാലക്കാട് കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശി രമേശ് ഗോപാലന്റെ മകളാണ് ശ്രീനന്ദ. കഴിഞ്ഞയാഴ്ച കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ വിനോദയാത്രയ്ക്ക് പോയത്. 4 ദിവസം മുമ്പ് വൈകുന്നേരം 6 മണിയോടെ വ്യൂ പോയിന്റിന് സമീപത്ത് വെച്ചാണ് കുട്ടിയെ കാണാതാകുന്നത്..

ശ്രീനന്ദയെ ലഹരി സംഘം തട്ടിക്കൊണ്ടുപോയതാകാം എന്ന ഗുരുതരമായ സംശയം കുടുംബം നേരത്തെ ഉന്നയിച്ചിരുന്നു. അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശമായതിനാൽ തന്നെ കുട്ടിയുടെ തിരോധാനം വലിയ ആശങ്കയ്ക്കും പ്രതിഷേധങ്ങൾക്കും വഴിമാറിയിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കർണാടക പോലീസും ഫയർഫോഴ്‌സും സംയുക്തമായാണ് പ്രദേശത്ത് വിശദമായ പരിശോധന നടത്തിവന്നത്..

കനത്ത മഞ്ഞും, അഗാധമായ താഴ്ചയും തിരച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൊക്കയുടെ ആഴങ്ങളിൽ കണ്ടെത്തിയത്. ശ്രീനന്ദ അബദ്ധത്തിൽ കൊക്കയിലേക്ക് വീണതാണോ അതോ മറ്റെന്തെങ്കിലും അപകടമാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. നടപടികൾക്ക് ശേഷം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനന്ദയുടെ അപ്രതീക്ഷിത വിയോഗം..


Comment As:

Comment (0)