ബിഹാറിലെ കരാക്കട്ട് മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നു.
_ഭരത് കൈപ്പാറേടൻ_
പാറ്റ്ന: ഡീലിമിറ്റേഷൻ്റെ ഭാഗമായി 2008-ലാണ് കാരക്കാട്ട് മണ്ഡലം നിലവിൽ വന്നത്.
2009 ലും 2019 ലും ജെഡിയു ടിക്കറ്റിൽ രണ്ട് തവണ ഈ മണ്ഡലത്തിൽ മഹാബലി കുശ്വാഹയാണ്
വിജയിച്ചത്.
വിശ്വകർമ്മ സമുദായത്തിലെ യുവ തുർക്കിയായിരുന്ന ഉപേന്ദ്ര കുശ്വാഹ 2013 ൽ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർഎൽഎസ്പി) എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചു.
പിന്നീട് RLSP എൻഡിഎയുടെ സഖ്യകക്ഷിയായി മാറി.
തൊട്ടടുത്തു നടന്ന 2014 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കരാക്കട്ടിലെ സിറ്റിംഗ് എംപിയായിരുന്ന മഹാബലിയെ RLSP ക്കുവേണ്ടി മൽസരിച്ച ഉപേന്ദ്ര കുശ്വാഹ പരാജയപ്പെടുത്തി.
തുടർന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ കേന്ദ്ര സർക്കാരിൽ അദ്ദേഹം മാനവ വിഭവ ശേഷി മന്ത്രിയായി.
പിന്നീട് അദ്ദേഹം തൻ്റെ പാർട്ടിയെ നിതീഷ് കുമാറിൻ്റെ ജെഡിയുവിൽ ലയിപ്പിച്ചു. അദ്ദേഹം JDU വിന്റെ പാർലമെന്ററി ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ടു.
എന്നാൽ, നിതീഷ്കുമാറിന്റെ നിരന്തരമായ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളിൽ മനം മടുത്ത ഉപേന്ദ്ര കുശ്വാഹ 2023 ഫെബ്രുവരിയിൽ, ജെഡിയുവിൻ്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ച് രാഷ്ട്രീയ ലോക് മോർച്ച (RLM) എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു.
പക്ഷേ രാഷ്ട്രീയ ലോക് മോർച്ച എന്ന ഹിന്ദി കലർന്ന പേരിനുണ്ടായേക്കാവുന്ന അസ്വീകാര്യത മാനിച്ച് പ്രാദേശികമായി *ദേശീയ ജനതാ പാർട്ടി* എന്ന പേരിലാണ് കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി അറിയപ്പെടുന്നതും പ്രവർത്തിക്കുന്നതും.
ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള RLM-ന് ഉത്തരേന്ത്യയിലെ പ്രബല ഒബിസി ജാതിയായ കുശ്വാഹകൾക്കും കൊയേരികൾക്കും ഇടയിൽ നല്ല സ്വാധീനമുണ്ട്.
പ്രധാനമായും വിശ്വകർമ്മ വിഭാഗങ്ങളാണ് പാർട്ടിയുടെ അടിത്തറയും ശക്തിസ്രോതസ്സും.
അടുത്ത നാളുകളിൽ രാജ്യത്തെ 30 കോടി വിശ്വകർമ്മരെ പ്രതിനിധാനം ചെയ്യുന്ന ദേശീയ വിശ്വകർമ്മ പാർലമെന്റിന്റെ ചെയർമാനായി ഉപേന്ദ്ര സിംഗ് കുശ്വാഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു
ഇപ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എൻഡിഎ സഖ്യത്തിൻ്റെ ഭാഗമാണ് ആർഎൽഎം.
പാർട്ടി തലവൻ ഉപേന്ദ്ര കുശ്വാഹ ബീഹാറിലെ കരാക്കട്ട് ലോക്സഭാ സീറ്റിലാണ് മത്സരിക്കുന്നത്.
തെരെഞ്ഞെടുപ്പിലെ സീറ്റു ധാരണകൾ അനുസരിച്ച് രാജ്യസഭയിലേക്കും ബീഹാർ നിയമസഭാ കൗൺസിലിലേക്കും അടുത്തുവരുന്ന ഒഴിവിൽ ആദ്യത്തെ ഓരോ സീറ്റ് ആർഎൽഎം-ന് നൽകാനും തുടർന്ന് പാർട്ടി പ്രതിനിധിയാകുന്ന എംഎൽസിക്ക് ബീഹാർ മന്ത്രിസഭയിൽ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം അനുവദിക്കാനുമാണ് ധാരണയായിരിക്കുന്നത്.
ബീഹാറിന് പുറമെ, യുപി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര , കേരളം, തമിഴ്നാട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ പാർട്ടിക്ക് ചെറിയ തോതിലെങ്കിലും സാന്നിദ്ധ്യമുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ജനതാപരിവാറിൽ പെട്ട അംഗീകാരമുള്ളതും അംഗീകാരം നഷ്ടപ്പെട്ടുപോയതുമായ ഇരുപതോളം കൊച്ചുകൊച്ചു ജനതാപാർട്ടികളെ കൂട്ടി ദേശീയതലത്തിൽ ഒരു കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് പഴയ ജനതാ പാർട്ടി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഈ പാർട്ടിയാണ്.



