ഡൽഹി മദ്യനയ കേസിൽ TRS നേതാവ് കെ. കവിതയെ എപ്രിൽ 15 വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.
_ഭരത് കൈപ്പാറേടൻ_
ന്യൂദില്ലി: ഡൽഹി മദ്യനയ കേസിൽ തൻ്റെ അറിവിലുള്ള വസ്തുതകൾ മറച്ചുവെക്കുകയാണെന്ന കുറ്റം ആരോപിച്ച് ഇഡി അറസ്റ്റ് ചെയ്ത ടി ആർ എസ് നേതാവും എംഎൽസിയുമായ കെ കവിതയെ ഏപ്രിൽ 15 വരെ സിബിഐ കസ്റ്റഡിയിൽ വിടാൻ ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളായ കവിതയെ (46) മാർച്ച് 15 ന് എക്സൈസ് കുംഭകോണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അറസ്റ്റ് ചെയ്തത്. അന്നുമുതൽ കവിത തിഹാർ ജയിലിൽ തടവിൽ കഴിയുകയായിരുന്നു.
തുടർന്ന് ഇന്ന് സിബിഐ ഡൽഹി റോസ് അവന്യൂ കോടതിയിലെത്തി ഇഡി കേസിൽ തടവിൽ കഴിയുന്ന കവിതയുടെ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. അന്വേഷണം നടക്കുന്ന അഴിമതിക്കേസുകളിൽ തൻ്റെ അറിവിലുള്ള വസ്തുതകൾ കവിത മറച്ചുവെക്കുകയാണെന്നു സിബിഐ ആരോപിച്ചു.
നേരത്തെ നോട്ടീസ് നൽകിയിട്ടും അവർ അന്വേഷണത്തിൽ പങ്കെടുത്തിട്ടില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പ്രതിയെ 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്നാണ് സിബിഐ പ്രോസിക്യൂട്ടർ വാദിച്ചത്.
സിബിഐ അറസ്റ്റ് നിയമവിരുദ്ധമാണെന്ന നിലപാടെടുത്ത കവിതയുടെ അഭിഭാഷകൻ കബിൽ സിബിൽ അന്വേഷണ ഏജൻസി നടത്തി വരുന്നത് മൗലികാവകാശ ലംഘനമാണെന്ന് വാദിച്ചു.
എന്നാൽ സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യവ്യവസായി കവിതയെ കണ്ട് ഡൽഹിയിൽ ബിസിനസ് നടത്തുന്നതിന് അരവിന്ദ് കെജ്രിവാളിന്റെ പിന്തുണ കിട്ടാൻ സഹായം തേടിയെന്നും കവിത ഇക്കാര്യത്തിൽ അനധികൃതമായി ഇടപെട്ടെന്നും സിബിഐ കോടതിയെ ധരിപ്പിച്ചു. ഇരുഭാഗത്തെയും വാദം കേട്ട കോടതി അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിച്ച് ഉത്തരവായി.
കേസിൽ മാപ്പുസാക്ഷിയായ ദിനേഷ് അറോറയും ഇതേ മൊഴിനല്കിയിട്ടുണ്ടെന്നു സിബിഐ വാദിച്ചു. ചില ഹവാല ഓപ്പറേറ്റർമാരുടെ മൊഴി തങ്ങൾക്കു കിട്ടിയിട്ടുണ്ട്. മറ്റൊരു മാപ്പു സാക്ഷിയായ ബുച്ചിബാബുവിൽ നിന്ന് വാട്സാപ്പ് ചാറ്റുകൾ കണ്ടെടുത്തപ്പോൾ കവിതക്ക് ഇൻഡിയോ സ്പിരിറ്റ്സിൽ പങ്കാളിത്തം ഉണ്ടെന്ന് തെളിഞ്ഞതായി സിബിഐ വാദിച്ചു.
കരിമ്പട്ടികയിൽപ്പെടുത്തിയതിന് ശേഷവും കുറ്റാരോപിതനായ മനീഷ് സിസോദിയയുടെ സമ്മർദത്തെത്തുടർന്ന് ഇൻഡോസ്പ്രിറ്റുകൾക്ക് ലൈസൻസ് നൽകിയാതായി സിബിഐ പറഞ്ഞു.
ഞങ്ങൾക്ക് മതിയായ മെറ്റീരിയലുകളും വാട്ട്സ്ആപ്പ് ചാറ്റുകളും ബന്ധപ്പെട്ട പ്രതികളുടെ മൊഴികളും ഉണ്ട്,” സിബിഐ പറഞ്ഞു.
വിവാദമായപ്പോൾ പിൻവലിച്ച മദ്യലോബിക്ക് അനുകൂലമായിരുന്ന എക്സൈസ് നയം നടപ്പിലാക്കാൻ എഎപിക്ക് 100 കോടി രൂപ കോഴയായി നൽകിയെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രത്യേക കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം സി.ബി.ഐ കവിതയെ ജയിലിനുള്ളിൽ ചോദ്യം ചെയ്തിരുന്നു.
കൂട്ടുപ്രതിയായ ബുച്ചി ബാബുവിൻ്റെ ഫോണിൽ നിന്നും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ചും കണ്ടെടുത്ത വാട്ട്സ്ആപ്പ് ചാറ്റുകളെ കുറിച്ചും കവിതയോടു ചോധികച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലന്ന് സിബിഐ കോടതിയിൽ പറഞ്ഞു.
“കവിതയുടെ മൊബൈൽ ഫോണിലെ ഡാറ്റ പരിശോധിച്ചു വിശകലനം ചെയ്തു. മൊബൈൽ ഡാറ്റ ഇല്ലാതാക്കിയതിന് തെളിവുണ്ട്. ഹൈദരാബാദിലെ കവിതയുടെ അനന്തരവൻ്റെ വസതിയിൽ പരിശോധന നടത്തുന്നുണ്ടെന്നും ഏജൻസി കോടതിയെ അറിയിച്ചു.



