ബിഹാറിൽ ജെഡിയു മത്സരിപ്പിക്കുന്ന 16 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. പട്ടികയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് മുൻഗണന.

 

റിപ്പോർട്ടർ: _ഭരത് കൈപ്പാറേടൻ_ 

പാറ്റ്ന : രണ്ട് സിറ്റിംഗ് എംപിമാരെ ഒഴിവാക്കികൊണ്ടുള്ള ജെഡിയുവിന്റെ സമ്പൂർണ്ണ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു.  

സിതാമർഹിയിൽ നിന്നുള്ള സുനിൽ കുമാർ പിൻ്റു, സിവാനിൽ നിന്നുള്ള കവിതാ സിംഗ് എന്നീ സിറ്റിംഗ് MP മാരാണ് ഒഴിവാക്കപ്പെട്ടവർ.

പാർട്ടിയുടെ അടിസ്ഥാന അടിത്തറയായ ഒബിസി വിഭാഗങ്ങൾക്കും അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾക്കും മുൻഗണന നൽകികൊണ്ടുള്ള പട്ടികയാണ്  ജെഡിയു ദേശീയ വൈസ് പ്രസിഡൻ്റ് വസിഷ്ഠ് നാരായൺ സിംഗ് പ്രഖ്യാപിച്ചത്.

ഇതനുസരിച്ച് ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ദേവേഷ് ചന്ദ്ര താക്കൂർ സീതാമർഹിയിൽ മത്സരിക്കും.

എൻഡിഎ ഫോർമുല പ്രകാരം,  സംസ്ഥാനത്തെ 40 സീറ്റുകളിൽ ജെഡിയു 16 എണ്ണത്തിലാണ് മൽസരിക്കുക.  കഴിഞ്ഞതവണ പാർട്ടി മത്സരിച്ചതിനേക്കാൾ ഒരു സീറ്റ് കുറവാണിക്കുറി.

2019ൽ JDU കോൺഗ്രസ്സിനോടു തോറ്റതും മുസ്ലീം ഭൂരിപക്ഷ മണ്ഡലവുമായ കിഷൻഗഞ്ചിൽ  ന്യൂനപക്ഷ നേതാവ് മുജാഹിദ് ആലം വീണ്ടും  മത്സരിക്കും. 35,000-ത്തിൽ താഴെ വോട്ടുകൾക്കാണ് കഴിഞ്ഞ തവണ   ആലം ഇവിടെ പരാജയപ്പെട്ടത്.

സഖ്യകക്ഷിയായ  രാഷ്ട്രീയ ലോക് മോർച്ചയ്ക്ക് (RLM) വേണ്ടി JDU പ്രതിനിധീകരിക്കുന്ന കാരക്കാട്ട് സിറ്റിംഗ് സീറ്റ് പാർട്ടി വിട്ടുനൽകി. ഇവിടെ മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ RLM - നു വേണ്ടി മത്സരിക്കും. 

കഴിഞ്ഞ മാസം ആർജെഡി വിട്ട് എൻഡിഎ യിലേക്കു വന്ന എംഎൽഎ ചേതൻ ആനന്ദിൻ്റെ അമ്മയും മാഫിയ തലവൻ ആനന്ദ് മോഹൻ്റെ ഭാര്യയുമായ ലൗലി ആനന്ദ്  ജെഡിയു സ്ഥാനാർത്ഥിയായി ഷിയോഹർ സീറ്റിൽ മത്സരിക്കും.

ജെഡിയുവിന്റെ പട്ടികയിൽ ആറ് ഒബിസികളും അഞ്ച് ഇബിസികളും ഒരു മഹാദളിതും ഒരു മുസ്ലീമും മൂന്ന് ഉയർന്ന ജാതിക്കാരുമുണ്ട്. സ്ഥാനാർത്ഥികളിൽ രണ്ടു പേർ സ്ത്രീകളാണ്. 

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ന്യായമായ പ്രാതിനിധ്യം  ഉറപ്പാക്കാൻ പാർട്ടി ശ്രദ്ധിച്ചിട്ടുണ്ടെന്ന് പട്ടിക പ്രഖ്യാപിച്ചു കൊണ്ട് ജെഡിയു ഉപാദ്ധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ്  പറഞ്ഞു.


Comment As:

Comment (0)